'നടിപ്പിന്‍ നായകന്‍', പതിഞ്ഞ താളത്തിൽ തുടങ്ങി വ്യത്യസ്‌ത രൂപഭാവങ്ങളിൽ അഭ്രപാളിയെ വിസ്‌മയിപ്പിച്ച് സൂപ്പർതാര പദവി സ്വന്തമാക്കിയ നായകൻ. ഇന്ന് 45-ാം പിറന്നാൾ ആഘോഷിക്കുകയാണ് ശരവണന്‍ സൂര്യ ശിവകുമാര്‍ എന്ന സൂര്യ. ഏത് കഥാപാത്രമായും അനായാസം മാറാൻ കഴിയുന്ന സംവിധായകന്‍റെ വിശ്വാസമായി വളർന്ന സൂര്യയ്ക്ക് പിറന്നാൾ ആശംസകൾ.
1975 ജൂലൈ 23ന് സംവിധായകനും നടനുമായ ശിവകുമാറിന്‍റെയും ലക്ഷ്മിയുടെയും മകനായി ജനനം. പ്രമുഖ നടൻ കാർത്തിയെ കൂടാതെ സൂര്യയ്‌ക്ക് വൃന്ദ എന്ന സഹോദരിയുമുണ്ട്. പദ്‌മ ശേഷാദ്രി ബാല ഭവന്‍ സ്കൂളില്‍ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും ചെന്നൈ ലയോള കോളജിൽ നിന്ന് ബിരുദവും സ്വന്തമാക്കി.
1997ല്‍ നേർക്കുനേർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗപ്രവേശം. ആദ്യ ചിത്രം തിയേറ്ററുകളിൽ വിജയം. നടന്‍ വിജയിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2001ൽ ബാല സംവിധാനം ചെയ്ത "നന്ദ" എന്ന ചിത്രമാണ് തമിഴകത്തിന്‍റെ മനസില്‍ സൂര്യക്ക് സ്ഥാനം കണ്ടെത്തിക്കൊടുത്തത്. അതേ വർഷം പുറത്തിറങ്ങിയ ഫ്രണ്ട്‌സ്, 2005ലെ ഗജിനി എന്നീ ചിത്രങ്ങളിലൂടെ താരപരിവേഷം. പിന്നീട്, മൗനം പേസിയതെ, വിക്രമിന്‍റെ ചിത്തനൊപ്പം ശക്തിയായി പകർന്നാടിയ പിതാമകന്‍, ഗൗതം മോനോന്‍റെ കാക്ക കാക്ക, ആറ്, അയന്‍, ആദവന്‍, രക്ത ചരിത്രം, ഏഴാം അറിവ്, അഞ്ചാന്‍, മാസ്, പസംഗ 2, എസ്3, താനാ സേർന്ത കൂട്ടം, എന്‍ജികെ ചിത്രങ്ങളിലൂടെ തമിഴിലും തെന്നിന്ത്യയിലും ആരാധകരെ സ്വന്തമാക്കി. സില്ലുനു ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷം സെപ്റ്റംബര്‍ 11, 2006ല്‍ സൂര്യയും തെന്നിന്ത്യൻ നടി ജ്യോതികയും ജീവിതത്തിലും ജോഡികളായി. ദിയ, ദേവ് എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്.
ഏഴാം അറിവ്, മാട്രാന്‍, വേൽ, വാരണം ആയിരം, പേരഴകൻ തുടങ്ങിയ ചിത്രങ്ങളിൽ ഇരട്ടവേഷത്തിലെത്തി പ്രേക്ഷകരെ വിസ്‌മയിപ്പിച്ച സൂര്യ 24 എന്ന സയൻസ്- ഫിക്ഷൻ ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങളായാണ് എത്തിയത്. റൊമാൻസും റിവൻഞ്ചും ഡാൻസും മാത്രമല്ല, കിടിലൻ സംഘട്ടന രംഗങ്ങളും ആക്ഷനും തനിക്കിണങ്ങുമെന്ന് തെളിയിക്കുന്നതാണ് സിങ്കം എന്ന ചിത്രവും തുടർന്ന് വന്ന ഇതിന്‍റെ രണ്ടും മൂന്നും പതിപ്പുകളും.
അഗാരം ഫൗണ്ടേഷൻ സ്ഥാപിച്ച് സാമൂഹിക- സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമാണ് താരം. അഗാരം ഫൗണ്ടേഷനിലൂടെ നിരവധി നിർധനരായ കുട്ടികൾക്ക് സൂര്യ വിദ്യാഭ്യാസ സഹായങ്ങൾ നൽകുന്നു. സ്റ്റുഡിയോ ഗ്രീന്‍ എന്ന ചലച്ചിത്രവിതരണ കമ്പനിയ്‌ക്ക് പുറമെ, 2ഡി എന്‍റർടെയ്‌ൻമെന്‍റ്‌സ് എന്ന നിർമാണ കമ്പനി വഴി തമിഴ് സിനിമക്ക് പ്രാധാന്യമേറിയ സംഭാവനകളാണ് സൂര്യ നൽകുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതകഥ പറയുന്ന സൂരറൈ പോട്രാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.