തലൈവർ... സ്റ്റൈൽ മന്നൻ... സൂപ്പർസ്റ്റാർ... ദളപതി... അങ്ങനെ പല വിശേഷണങ്ങളുമായി നടന് രജനികാന്ത് കഴിഞ്ഞ 45 വർഷക്കാലമായി തമിഴ് സിനിമാലോകം അടക്കി വാഴുന്ന കാഴ്ച നമ്മൾ കാണുന്നതാണ്.... ഇതിനിടക്ക് കമൽ, വിജയ്കാന്ത്, ശരത്കുമാർ, അജിത്, വിജയ്, സൂര്യ, വിക്രം അങ്ങനെ മാറി മാറി നിരവധി താരങ്ങള്‍ രജനിയോട് മത്സരിച്ചു. നിരവധി താരങ്ങള്‍ മാറി മാറി വെല്ലുവിളി ഉയർത്തിയിട്ടും കുലുങ്ങാതെ പിടിച്ച് നിന്നാണ് അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാറായി മാറിയത്. അമിതാഭ് ബച്ചനും ഖാന്മാരും സ്റ്റാർഡം കൊണ്ട് ഇന്ത്യയിലെ വലിയ ബ്രാൻഡുകളായി മാറിയപ്പോൾ അവർക്കുള്ള സൗത്ത് ഇന്ത്യൻ മറുപടി കൂടിയായിരുന്നു രജനികാന്ത്. കലക്ഷന്‍ റെക്കോര്‍ഡുകളും ഫാൻബേസും കൊണ്ട് ബോളിവുഡ് താരങ്ങള്‍ ഇന്ത്യൻ സിനിമയുടെ മുഖമായി അറിയപ്പെട്ടപ്പോള്‍... കേരളം, തമിഴ്നാട്, ആന്ധ്രാ, കർണാടക തുടങ്ങി സൗത്ത് ഇന്ത്യ മുഴുവൻ ഫാൻ ബേസുണ്ടാക്കി രജനി അവർക്ക് വെല്ലുവിളി ഉയർത്തി. സൗത്ത് ഇന്ത്യയിൽ ആദ്യമായി 100, 200 ക്ലബ്ബുകളില്‍ ഇടം നേടിയതും രജനിയാണ്...
ഒരു താരം എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് രജനികാന്ത്. 1950ൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു രജനിയുടെ ജനനം. കുടുംബത്തിലെ നാലാമത്തെ മകന്. ബെംഗളൂരുവിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. മുതിര്‍ന്നപ്പോള്‍ കണ്ടക്ടറായി. അപ്പോഴും ശിവാജി റാവു എന്ന രജനികാന്തിന് സിനിമയായിരുന്നു മനസ് നിറയെ. നാടകങ്ങളിൽ അഭിനയിക്കാൻ ജോലിക്കിടയില്‍ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ച് കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടുനടന്ന ശിവാജിയെ ഇതിന് അപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ നിർബന്ധിച്ചു. 1973 ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ട് വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്ത് കൊടുത്തത് രാജ് ബഹാദൂർ തന്നെയായിരുന്നു. 1975ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.
ഇതേ വർഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജം പകർന്ന സംവിധായകൻ എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി എന്ന ചിത്രത്തിലെ വേഷം രജനിയെ ശ്രദ്ധേയനാക്കി. ജെ. മഹേന്ദ്രൻ സംവിധാനം ചെയ്ത മുള്ളും മലരും തമിഴ് സിനിമയിൽ രജനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറ് വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 1980കളാണ് രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജനിയുടെ ഹിറ്റ് ചിത്രങ്ങൾ പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു.
കെ.ബാലചന്ദർ സ്വയം നിർമിച്ച നെട്രികൻ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തിൽ രജനിയുടെ വളർച്ചക്ക് കരുത്തായത്. രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയര്‍ന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ, പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി. 1993ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജനി. 2007ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി. അതേസമയം രജനിയുടെ സ്വന്തം ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബാ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്ന് വീണപ്പോള്‍ വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങൾക്ക് മാതൃകയായി.
തമിഴിന് പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജനി അഭിനയിച്ചിട്ടുണ്ട്. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രജനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല. 1988ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും തലൈവ വേഷമിട്ടു. മലയാളത്തിൽ രജനി അഭിനയിച്ച സിനിമ അലാവുദ്ധീനും അത്ഭുത വിളക്കുമാണ്. 2000 കാലഘട്ടത്തിന് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രമാണ് അദ്ദേഹം ചെയ്തത്. ബാബ, ചന്ദ്രമുഖി, ശിവാജി, എന്തിരൻ, ലിംഗ, കബാലി, കാല, പേട്ട, ദര്‍ബാര്‍ എന്നിവയാണവയില്‍ ചിലത്. ഇപ്പോള്‍ അണ്ണാത്തേക്കായുള്ള കാത്തിരിപ്പാണ് ആരാധകര്‍. തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം നിരവധി തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ പദ്മഭൂഷണ്‍, പദ്മവിഭൂഷണ് എന്നീ ബഹുമതികള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ആകാംഷയോടെ കാത്തിരിക്കുകയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് രജനികാന്ത് മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ മുതൽ 3D മോഷൻ പിക്ച്ചർ വരെയുള്ള ഫോർമാറ്റിൽ അഭിനയിച്ച് കഴിഞ്ഞു... മൂന്ന് തലമുറയുടെ നായകനായി ഇന്നും തുടരുന്നു.... സൂപ്പർസ്റ്റാർ രജനികാന്ത്... അതേ... ഇന്ത്യയുടെ ഒരേ ഒരു സൂപ്പർസ്റ്റാർ...