ചെന്നൈ: തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്‍റെ തെരഞ്ഞെടുപ്പില്‍ 51 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വിശാലിന്‍റെയും നാസറിന്‍റെയും നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിയും, നടന്‍ ഭാഗ്യരാജിന്‍റെയും ഇശരി ഗണേശിന്‍റെയും പാനലായ ശങ്കരദാസ് അണിയും തമ്മിലാണ് മത്സരം. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളടക്കം 24 അംഗ നിര്‍വാഹക സമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. ആകെയുള്ള 3171 വോട്ടര്‍മാരില്‍ 1604 പേര്‍ വോട്ട് രേഖപ്പെടുത്തി. വിശാലിന്‍റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണിയാണ് നിലവിലെ ഭരണസമിതി. വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് പരാതി ഉയര്‍ന്നതോടെ സൊസൈറ്റി രജിസ്ട്രാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഈ നടപടി മദ്രാസ് ഹൈക്കോടതി തടഞ്ഞതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി വിധിക്ക് ശേഷമേ വോട്ടെണ്ണല്‍ ഉണ്ടാകുകയുള്ളു.
നിലവിലെ ഭാരവാഹികളായ നാസര്‍ പ്രഡിഡന്‍റ് സ്ഥാനത്തേക്കും വിശാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിക്കുന്നത്. ഭാഗ്യരാജ് ആണ് നാസറിന്‍റെ എതിരാളി. വിശാലിനെതിരെ ഇശരി ഗണേഷും, കാര്‍ത്തിക്കെതിരെ പ്രശാന്തുമാണ് മത്സരിക്കുന്നത്. മൂന്നുവര്‍ഷത്തില്‍ ഒരിക്കലാണ് തമിഴ്‌നാട്ടിലെ താരസംഘടനയുടെ തലപ്പത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശരത് കുമാറിനെ തോല്‍പ്പിച്ചായിരുന്നു പാണ്ഡവ അണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അതേസമയം, സൂപ്പര്‍താരം രജനികാന്തിന് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. 'മുംബൈയില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്ന തനിക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കാന്‍ കാലതാമസം വന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തതെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഇങ്ങനെ സംഭവിക്കരുതായിരുന്നെന്നും' രജനി ട്വിറ്ററില്‍ കുറിച്ചു.