കൊച്ചി: ഷെയ്‌ൻ നിഗം വിഷയത്തിൽ സിനിമാ സംഘടനകളുടെ യോഗം ഇന്ന്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ രാവിലെ നിർമാതാക്കളുടെ സംഘടനയും ഉച്ചയ്ക്ക് ശേഷം അമ്മയുടെ ഭാരവാഹികളും നിർമാതാക്കളും തമ്മിലുളള ചർച്ചയും നടക്കും. ഷെയ്ന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നത്. നിലവിൽ താരത്തിനെതിരെ സംഘടന ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കും. ഷെയ്ന്‍ വിഷയം താരസംഘടനയുടെ മധ്യസ്ഥതയിൽ പരിഹരിക്കണമെന്ന നിലപാടാണ് തുടക്കം മുതൽ നിർമാതാക്കളുടെ സംഘടന സ്വീകരിച്ചത്. രാവിലെ 11മണിമുതൽ കെഎഫ്‌പിഎ ഹാളിലാണ് നിർമാതാക്കളുടെ യോഗം.
നേരത്തെ പ്രശ്ന പരിഹാരത്തിനായി ഷെയ്‌നിൽ നിന്നും ചില ഉറപ്പുകൾ താരസംഘടന രേഖാമൂലം വാങ്ങിയിരുന്നു. ഉച്ചയ്ക്ക് നടക്കുന്ന അടുത്ത യോഗത്തിൽ ഇത്തരം കാര്യങ്ങൾ നിർമാതാക്കളെ അറിയിക്കും. നിർമാതാക്കളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിച്ച് ഷെയ്‌നിനെതിരായ വിലക്ക് നീക്കുന്നതിനാണ് അമ്മ ശ്രമിക്കുക. വെയിൽ, ഖുർബാനി സിനിമകൾ പൂർത്തീകരിക്കുന്നതിനുള്ള സമയ പട്ടികയും ഇരുസംഘടനകളും ചേർന്ന് തീരുമാനിക്കും. ഈ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപെട്ട ചില ആശങ്കൾ അമ്മ സംഘടനയെ ഷെയ്‌ൻ അറിയിച്ചിരുന്നു. ഇത്തരം വിഷയങ്ങളും ഇരുസംഘടനകളും ചർച്ച ചെയ്യും. അതേസമയം ഇന്ന് നടക്കുന്നത് അനൗദ്യോഗിക യോഗം മാത്രമാണെന്നാണ് അമ്മ ജനറൽ സെക്രടറി ഇടവേള ബാബു അറിയിച്ചത്