ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ആർ.എഫ് നരിമാന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇന്ന് നടിക്ക് ജാമ്യം അനുവദിച്ചത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സെപ്‌തംബർ നാലിനാണ് സെൻട്രല്‍ ക്രൈംബ്രാഞ്ച് രാഗിണിയെ അറസ്റ്റ് ചെയ്തത്. നവംബർ മൂന്നിന് താരം കർണാടക ഹൈക്കോടതിയിൽ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. 100 ദിവസമായി ജയിലിൽ കഴിയുകയാണെന്നും എന്നാൽ, തന്‍റെ പക്കൽ നിന്നും ലഹരി വസ്‌തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും രാഗിണി ദ്വിവേദി കോടതിയെ അറിയിച്ചിരുന്നു. നാർകോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രാപിക് സബ്സ്റ്റൻസസ് ആക്റ്റ് (എൻഡിപിഎസ് ആക്റ്റ്), ഐപിഎസ് ആക്റ്റ് പ്രകാരമാണ് രാഗിണിക്കെതിരെ കേസെടുത്തത്.