തെലുങ്ക് ചലച്ചിത്രരംഗത്ത് പ്രമുഖ താരങ്ങളായ രാംചരണിനെയും ജൂനിയർ എൻ.ടി.ആറിനെയും ഒരുമിച്ച് സ്ക്രീനിലെത്തിക്കുകയാണ് എസ്.എസ് രാജമൗലി തന്‍റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ആർആർആർ ചിത്രത്തിന്‍റെ രചന രാജമൗലിയുടെ അച്ഛനും പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ കെ.വി വിജയേന്ദ്ര പ്രസാദാണ്.
ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ, സമുദ്രഖനി, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സൺ എന്നിവരും ബഹുഭാഷ ചിത്രത്തിലെ പ്രധാന താരങ്ങളാകുന്നു. ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി നിർമിക്കുന്ന സിനിമയായതിനാൽ തന്നെ താരമൂല്യം കഥയെ ബാധിക്കാതെയാണ് രചന പൂർത്തിയാക്കിയതെന്ന് വിജയേന്ദ്രപ്രസാദ് വിശദീകരിച്ചു.
ഇന്ത്യയിൽ തന്നെ നിർമിക്കപ്പെട്ട ഏറ്റവും ചെലവേറിയ ചലച്ചിത്രം. അല്ലൂരി സീതാരാമരാജു, കോമരം ഭീം എന്നിങ്ങനെ രണ്ട് യോദ്ധാക്കൾ ബ്രിട്ടീഷ് രാജിനെയും ഹൈദരാബാദ് നിസാം രാജവംശത്തെയും പൊരുതി തോൽപ്പിച്ച സാങ്കൽപ്പിക കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
രാംചരണും ജൂനിയർ എൻടിആറും രാജമൗലിയും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് വിജയേന്ദ്ര പ്രസാദ്
'കഥ എഴുതുമ്പോൾ മുതൽ അല്ലൂരി സീതാരാമരാജുവായി രാംചരണിനെയും കോമരം ഭീമായി ജൂനിയർ എൻടിആറിനെയും മനസ്സിൽ കണ്ടിരുന്നു. ഇരുവർക്കുമൊപ്പം മുൻപും താൻ പ്രവർത്തിച്ചിട്ടുള്ളതിനാൽ തന്നെ താരങ്ങളെ അടുത്തറിയാം. രാംചരണും ജൂനിയർ എൻടിആറും തമ്മിൽ നല്ല കെമിസ്ട്രിയുള്ളതായി തോന്നി. കൂടാതെ, രാജമൗലിയുമായും നല്ല പൊരുത്തമാണ്. അതിനാൽ തന്നെ മറ്റൊരു താരനിരയെ കുറിച്ച് രണ്ടാമതായൊന്ന് ചിന്തിക്കേണ്ടി വന്നില്ല.'
More Read: കൂറ്റൻ കാൻവാസിൽ രാജമൗലിയുടെ 'ആർആർആർ'; മേക്കിങ് വീഡിയോ കാണാം
'സിനിമയിലെ താരമൂല്യത്തെ കുറിച്ചും കഥയെഴുതുമ്പോൾ ചിന്തിച്ചിരുന്നു. എന്നാൽ, അത് കഥയുടെ ഒത്തുതീർപ്പിന് കാരണമായില്ല. രണ്ട് താരങ്ങളും ആദ്യമായി ഒരുമിച്ച് വരുമ്പോൾ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. അതിനാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചക്കും തയ്യാറായിരുന്നില്ലെന്നും കഥയെ അതിന്‍റെ പരിപൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും,' വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി.
രൗദ്രം രണം രുധിരം എന്ന അർഥത്തിൽ ആർആർആർ ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് സംവിധായകൻ രാജമൗലി തന്നെയാണ്. ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, തലൈവി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കെ.വി വിജയേന്ദ്ര പ്രസാദ്.