നിസ്വാര്‍ഥ സേവനം കാഴ്ചവെച്ചുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം കണ്ണിമചിമ്മാതെ പ്രവര്‍ത്തിക്കുന്നതിനാലാണ് കൊവിഡ് 19 വ്യാപനം ചെറിയതോതിലെങ്കിലും തടയാന്‍ കേരള ജനതക്ക് സാധിക്കുന്നത്. പൂര്‍ണമായും രോഗത്തെ അതിജീവിക്കാന്‍ കിണഞ്ഞുള്ള പരിശ്രമം തുടരുകയാണ് സംസ്ഥാനം.
- " class="align-text-top noRightClick twitterSection" data="">
ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസിന്‍റെ നേതൃത്വത്തിലും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൊച്ചിയില്‍ നിന്നും ഏറെ അകലെ അല്ലെങ്കിലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള താന്തോന്നിത്തുരുത്തിലെ നിവാസികള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാനായി ജില്ലാ കലക്ടര്‍ പോയിരുന്നു. തുരുത്തിലേക്കുള്ള യാത്രയുടെ ചിത്രങ്ങള്‍ കലക്ടര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കലക്ടറുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍.
'രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്‍റെ കലക്ടർ ശ്രീ.സുഹാസ് ഐഎഎസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര... ഒറ്റയ്ക്ക്... ഇതാവണമെടാ കലക്ടർ... സെന്‍സ്, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി, സുഹാസ്..' ഇതായിരുന്നു രഞ്ജി പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.
പഞ്ച് ഡയലോഗുകളില്‍ കലക്ടര്‍ക്ക് കിടിലന്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് രഞ്ജി പണിക്കര്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാണ്. നിര്‍ധനരായ 65 കുടുംബങ്ങളാണ് താന്തോന്നിതുരുത്തില്‍ താമസിക്കുന്നത്. അരിയും പലവ്യഞ്ജനവും അടക്കം 17 അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് കലക്ടര്‍ വിതരണം ചെയ്തത്.