മലയാളത്തിന് മായാമയൂരവും ഉസ്‌താദും സമ്മർ ഇൻ ബത്‌ലഹേമും സമ്മാനിച്ച അണിയറയിലെ കൂട്ടുകെട്ട്... സംവിധായകനായി സിബി മലയിലും തിരക്കഥയിൽ രഞ്ജിത്തും ഒരുമിച്ച് ചേർന്ന് ഒരുക്കിയ ചിത്രങ്ങൾ സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റുകളാണ്. സൂപ്പർഹിറ്റ് കോമ്പോ മലയാളത്തിന്‍റെ മെഗാസ്റ്റാറിനൊപ്പം ഒന്നിച്ച് പുതിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
രണ്ട് ദിവസമായി താൻ പുതിയ ഒരു കഥയുടെ ആലോചനയിലാണെന്നും അത് സിബി മലയിലിന് ഇഷ്‌ടമായാൽ മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം വരുമെന്നും രഞ്ജിത്ത് ഒരു ടിവി ചാനലിന്‍റെ അഭിമുഖത്തിനിടെ പറഞ്ഞു. അഭിമുഖത്തിൽ സിബി മലയിലും ഉണ്ടായിരുന്നു.
സിബി മലയിൽ- മമ്മൂട്ടി കോമ്പോയിലെ പുതിയ ചിത്രത്തിന്‍റെ രചന മാത്രമല്ല, നിർമാണവും താനായിരിക്കുമെന്നും രഞ്ജിത് വ്യക്തമാക്കിയിട്ടുണ്ട്. സിനിമ അടുത്ത വർഷം തന്നെ ഉണ്ടാകുമെന്നും രഞ്ജിത് പറഞ്ഞു.
Also Read: കോരിതരിപ്പിക്കാൻ വീണ്ടും മോഹൻലാല്‍ - ഷാജി കൈലാസ്, ഒന്നിക്കുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം
എന്നാൽ താനിതുവരെ ഇക്കാര്യം അറിഞ്ഞില്ലല്ലോ എന്നാണ് സിബി മലയിൽ പ്രതികരിച്ചത്. രഞ്ജിത്തിന്‍റെ നിർമാണ കമ്പനിക്കായി മറ്റൊരു സിനിമയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആസിഫ് അലി നായകനാകുന്ന കൊത്ത് എന്ന ചിത്രമാണ് രഞ്ജിത്ത്- സിബി മലയിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്.
സാഗരം സാക്ഷി, ഓഗസ്റ്റ് 1, തനിയാവർത്തനം തുടങ്ങിയ സിബി മലയിലിന്‍റെ ചിത്രങ്ങളിൽ മമ്മൂട്ടിയായിരുന്നു നായകൻ. കൂടാതെ, ബ്ലാക്ക്, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്‌ന്‍റ്, കയ്യൊപ്പ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ, പ്രജാപതി തുടങ്ങിയ സിനിമകളിൽ രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ചിട്ടുണ്ട്.