രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് വി.എ ശ്രീകുമാര്‍ മേനോന്‍. വിഷയത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് കാണിച്ചാണ് ശ്രീകുമാര്‍ മേനോന്‍ ഹര്‍ജി നല്‍കിയത്. കോഴിക്കോട് ഒന്നാം മുന്‍സിഫ് കോടതിയില്‍ എം.ടി നല്‍കിയ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എം.ടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം രണ്ട് കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതൊന്നും കാണാതെയുള്ള വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിയിലെ വാദം.
പരാതിയില്‍ തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ തടസഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രണ്ടാമൂഴത്തിന്‍റെ തിരക്കഥ തിരിച്ചുതരണമെന്നാവശ്യപ്പെട്ടാണ് എം.ടി കോടതിയെ സമീപിച്ചത്. മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു കരാര്‍. നാല് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിര്‍മാണ കമ്പനിക്കുമെതിരെ കോടതിയെ സമീപിച്ചത്.