അക്ഷയ് കുമാറിന്‍റെ പൃഥ്വിരാജ്, രൺബീർ കപൂർ നായകനായ ഷംഷേര തുടങ്ങി നാല് ചിത്രങ്ങളുടെ തിയേറ്റര്‍ റിലീസ് തിയ്യതികള്‍ പ്രഖ്യാപിച്ച് പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യാഷ് രാജ് ഫിലിംസ് (വൈആർഎഫ്). ഒക്ടോബർ 22 മുതൽ തിയേറ്ററുകൾ തുറക്കാൻ മഹാരാഷ്‌ട്ര സർക്കാർ അനുമതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനം.
ആദിത്യ ചോപ്രയുടെ നേതൃത്വത്തിലുള്ള യാഷ് രാജ് ഫിലിംസിൽ നിന്ന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം ബണ്ടി ഓർ ബബ്ലി 2 ആണ്. സെയ്‌ഫ് അലി ഖാൻ, റാണി മുഖർജി, സിദ്ധാന്ത് ചതുർവേദി, ശർവാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
വരുൺ.വി ശർമയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം നവംബർ 19 ന് ലോകമെമ്പാടും റിലീസ് ചെയ്യും. സ്റ്റുഡിയോയുടെ 2005 ബ്ലോക്ക്ബസ്റ്റർ ക്രൈം കോമഡിയുടെ തുടർച്ചയാണ് വരുൺ.വി ശർമയുടെ ചിത്രം.
അക്ഷയ് കുമാർ നായകനാകുന്ന പൃഥ്വിരാജ് ആണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് 2022 ജനുവരി 21ന് ലോകമെമ്പാടും റിലീസ് ചെയ്യും.
11-ാം നൂറ്റാണ്ടിലെ ഭരണാധികാരിയായ പൃഥ്വിരാജ് ചൗഹാന്‍റെ കഥ പറയുന്ന ചിത്രത്തിലൂടെ 2017ലെ ലോക സുന്ദരി മാനുഷി ചില്ലർ സിനിമയിൽ അരങ്ങേറ്റം കുറിക്കും. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് ദത്തും സോനു സൂദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രൺവീർ സിങ് പ്രധാന വേഷത്തിലെത്തുന്ന ജയേഷ്ഭായ് ജോർദാർ 2022 ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുന്നത്. ഗുജറാത്ത് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗുജറാത്തിയുടെ വേഷമാണ് രൺവീർ സിങ് അവതരിപ്പിക്കുന്നത്. ദിവ്യാങ് തക്കർ ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നു.
രൺബീർ കപൂറിന്‍റെ "അഡ്രിനാലിൻ പമ്പിങ് എന്റർടെയ്‌നർ" ആയ ഷംഷേര 2022 മാർച്ച് 18ന് തിയേറ്ററുകളിലെത്തും. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാണി കപൂറും സഞ്ജയ് ദത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.