ഏറെ നാളുകളായി തമിഴകം കാത്തിരിക്കുന്ന നടന്‍ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. രജനി മക്കൾ മൺറം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി താരം വസതിയില്‍ നിന്നും ഇറങ്ങി. വലിയ ജനക്കൂട്ടമാണ് അദ്ദേഹത്തിന്‍റെ വീട് മുമ്പില്‍ തടിച്ച് കൂടിയിരുന്നത്. കോടമ്പക്കം രാഘവേന്ദ്ര ഹാളില്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന യോഗം ഉടന്‍ ആരംഭിക്കും.
വർഷങ്ങളായി രജനികാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് സൂചനകൾ ഉണ്ടെങ്കിലും താരത്തിന്‍റെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കുമ്പോൾ പ്രഖ്യാപനം വൈകുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. രജനി മക്കൾ മൺറവുമായി ചർച്ച നടത്തിയ ശേഷമായിരിക്കും രാഷ്‌ട്രീയ താൽപര്യത്തെ കുറിച്ച് വ്യക്തമാക്കുന്നതെന്ന് കഴിഞ്ഞ ഒക്‌ടോബറിൽ സൂപ്പർസ്റ്റാർ അറിയിച്ചിരുന്നു.
രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ വിവിധയിടങ്ങളിൽ ആരാധകർ പോസ്റ്റർ പതിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന തീരുമാനം മാറ്റണമെന്ന് ആരാധകരുടെ ആവശ്യം ശക്തമാക്കിയതിന് ഇടയിലാണ് യോഗം. രജനീകാന്ത് നേരിട്ട് രംഗത്തിറങ്ങാതെ ആരാധക കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റുന്നത് ഉൾപ്പടെയുള്ള പുതിയ നിർദേശങ്ങൾ ചർച്ചയാകും.