ജൂണ്‍ ഏഴിനാണ് കന്നട നടന്‍ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതം മൂലം അന്തരിച്ചത്. ചിരുവിന്‍റെ പെട്ടന്നുള്ള വിടവാങ്ങല്‍ ഇനിയും ഉള്‍ക്കൊള്ളാന്‍ സിനിമാലോകത്തിനും ആരാധകര്‍ക്കും ചിരുവിന്‍റെ കുടുംബത്തിനും കഴിഞ്ഞിട്ടില്ല. ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞ് അതിഥിയെ കാണാനും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ ഫലം അറിയാനും കാത്തുനിൽക്കാതെയായിരുന്നു ചിരുവിന്‍റെ വിടവാങ്ങൽ.
ചിരുവിന്‍റെതായി പുറത്തിറങ്ങാനിരിക്കുന്ന നാല് സിനിമകളില്‍ ഒന്നായ രാജമാര്‍ത്താണ്ഡത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ചിത്രത്തില്‍ ചിരുവിന് സഹോദരനും നടനുമായ ധ്രുവ സര്‍ജ ശബ്ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ധ്രുവ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നാണ് സൂചന. ചിത്രത്തിന്‍റെ ഡബ്ബിങ് ജോലികള്‍ മാത്രമേ ഇനി അവശേഷിക്കുന്നൊള്ളു. രാം നാരായണൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ശിവകുമാറാണ്.
പഴയ കന്നഡ ശൈലിയിലുള്ള നീളമേറിയ സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്. അതിനാൽ തന്നെ ചിരു ഏറെ പ്രതീക്ഷയോടെ കണ്ടിരുന്നതായിരുന്നു ചിത്രത്തിന്‍റെ ഡബ്ബിങ്. മാത്രമല്ല നിർമാണത്തിലിരിക്കുന്ന ചിരഞ്ജീവിയുടെ മറ്റ് സിനിമകളുടെ നിർമാതാക്കളെയും സഹായിക്കാനുള്ള തീരുമാനത്തിലാണ് ധ്രുവ. ചിരു അഭിനയിച്ച മറ്റൊരു ചിത്രം രണം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മറ്റൊരു ചിത്രമായ ക്ഷത്രിയയുടെ ഷൂട്ടിങ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം നിർത്തി വെച്ചിരിക്കുകയുമായിരുന്നു.