കീരിക്കാടന്‍ ജോസ് ആശുപത്രിയിലാണെന്നും ചികിത്സക്ക് ധനസഹായം ആവശ്യമാണെന്നുമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാര്‍ത്ത വ്യാജമാണെന്നും മോഹന്‍രാജിന് സാമ്പത്തിക സഹായം ആവശ്യമില്ലെന്നും പറഞ്ഞുകൊണ്ട് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കർ രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍രാജിനൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് ദിനേശ് വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചത്.
"കീരിക്കാടന്‍ ജോസ്, ഞാന്‍ 1989 ല്‍ നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍, കഴിഞ്ഞ ഒരാഴ്‌ചയായുള്ള വാര്‍ത്തകളില്‍ ഇദ്ദേഹമായിരുന്നു. കീരിക്കാടന്‍ ജോസിന് (മോഹന്‍രാജ്) ഗുരുതരമായ അസുഖം ബാധിച്ചിരിക്കുകയാണെന്നും സാമ്പത്തിക സഹായം ആവശ്യമാണെന്നും ആരോ തെറ്റായ വാര്‍ത്ത പോസ്റ്റ് ചെയ്‌തിരുന്നു. മോഹന്‍രാജ് എന്‍റെ അടുത്ത സുഹൃത്താണ്, ഞാന്‍ നിർമിച്ച (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) മൂന്ന് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഞാൻ പോയി കാണുകയും ഒരുപാട് നേരം സംസാരിക്കുകയും ചെയ്‌തു. ഇപ്പോൾ, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം."
മോഹൻരാജ് ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നും അദ്ദേഹത്തിന് ഇന്‍ഷുറന്‍സ് കവറേജുണ്ടെന്നും ദിനേശ് പോസ്റ്റിൽ പറയുന്നുണ്ട്. മോഹന്‍രാജിനെയും കുടുംബത്തെയും നന്നായി അറിയാവുന്ന ആളെന്ന നിലയ്ക്ക് അദ്ദേഹത്തിന്‍റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും ആരില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമുള്ളത് തനിക്ക് ഉറപ്പു പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്‍റെ എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും കീരിക്കാടൻ ജോസിനൊപ്പം. പൂര്‍ണ ആരോഗ്യത്തോടെ വീണ്ടും അദ്ദേഹത്തെ സിനിമയില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയോടെ," ദിനേശ് പണിക്കർ കുറിച്ചു. നടന്‍ മോഹന്‍രാജിന്‍റെ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ തെറ്റാണെന്ന് നടന്‍ ഇടവേള ബാബുവും നേരത്തെ അറിയിച്ചിരുന്നു.