പൃഥ്വിരാജ് നായകനാകുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ ഷൂട്ടിങ് തടഞ്ഞ് കോടതി. നിർമാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവൃത്തികളും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതിയാണ് ഉത്തരവിറക്കിയത്. നിർമാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസിന്‍റെ ഹര്‍ജിയിലാണ് നടപടി. 2018 ല്‍ തനിക്ക് 10 ലക്ഷം രൂപയ്ക്ക് നല്‍കിയ കടുവാകുന്നേല്‍ കുറുവച്ചന്‍റെ തിരക്കഥയാണ് ഇപ്പോള്‍ കടുവ എന്ന പേരില്‍ സിനിമയാക്കുന്നതെന്നാണ് അനുരാഗിന്‍റെ ഹര്‍ജി.
തിരക്കഥാകൃത്ത് ജിനു എബ്രഹാമിന് പണം നല്‍കി കരാര്‍ പ്രകാരം സ്വന്തമാക്കിയ സിനിമയുടെ തിരക്കഥയാണ് പിന്നീട് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ കരാര്‍ ലംഘിച്ച് നടന്‍ പൃഥിരാജ് സുകുമാരന്‍റെ പ്രൊഡക്ഷന്‍ കമ്പനിക്ക് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്‍റെ അറിവില്ലാതെയാണ് ഇതേ തിരക്കഥയില്‍ പൃഥ്വിരാജിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയും മാജിക് ഫ്രെയിംസും ചേര്‍ന്ന് ഇപ്പോള്‍ സിനിമ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തനിക്ക് അവകാശപ്പെട്ട കഥയുടെ ഷൂട്ടിങ് നിര്‍ത്തിവെക്കണമെന്നും തിരക്കഥ വാങ്ങിയപ്പോള്‍ നല്‍കിയ തുകയും നഷ്ടപരിഹാരവും നല്‍കണമെന്ന് അനുരാഗ് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന സിനിമയും വരുന്നുണ്ട്. ഈ സിനിമയും നിയമക്കുരുക്കില്‍പ്പെട്ടിരുന്നു. കടുവയുടെ ചിത്രീകരണം കോടതി തടഞ്ഞതിനാല്‍ സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ആദ്യം ഷൂട്ടിങ് പൂര്‍ത്തിയാക്കി തിയേറ്ററുകളിലെത്തിയേക്കും.