തിരുവനനന്തപുരം: അനന്തപുരിക്ക് ഇനി ലോക സിനിമയുടെ ഉത്സവനാളുകൾ. നാളെ മുതല്‍ എട്ട് ദിവസം തലസ്ഥാനത്ത് സിനിമകളുടെ സർഗ വസന്തം പിറക്കും. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സിനിമാപ്രേമികളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. മേളയുടെ ഡെലിഗേറ്റ് സെല്ലിന്‍റെയും ഫെസ്റ്റിവല്‍ ഓഫീസിന്‍റെയും ഉദ്ഘാടനം സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ നിർവഹിച്ചു. ടാഗോര്‍ തീയേറ്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നടി അഹാന കൃഷ്ണകുമാർ ആദ്യ പാസ് ഏറ്റുവാങ്ങി. നടന്‍ ഇന്ദ്രന്‍സ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
10500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാഗോര്‍ തീയേറ്ററാണ് മേളയുടെ മുഖ്യവേദി. 14 തിയേറ്ററുകളിലായാണ് സിനിമകളുടെ പ്രദർശനം നടക്കുക. മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങി പതിനഞ്ചോളം വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിപ്പിക്കും. രണ്ട് മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ 12 ചിത്രങ്ങളും ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ ഇത്തവണ 92 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സമകാലിക ലോകസിനിമയിലെ മഹാരഥന്മാരായ പെദ്രോ അല്‍മോദോവര്‍, മുഹ്സിന്‍ മക്മല്‍ ബഫ്, മൈക്കേല്‍ ഹനേക, കെന്‍ ലോച്ച്, ഫത്തിഹ് അകിന്‍, കോസ്റ്റ ഗാവ്രാസ്, ഏലിയ സുലൈമാന്‍ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇത്തവണ മേളയിലുണ്ട്.
ലോകത്തെ മുന്‍നിര ചലച്ചിത്രമേളകളായ കാന്‍, വെനീസ്, ടൊറന്‍റോ, ബെര്‍ലിന്‍, ബുസാന്‍, റോട്ടര്‍ഡാം, സാന്‍ സെബാസ്റ്റ്യന്‍ ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രങ്ങളും സിനിമാപ്രേമികള്‍ക്ക് ഐഎഫ്എഫ്കെയിൽ ആസ്വദിക്കാം. വിവിധ തീയേറ്ററുകളിലായി 8998 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. 3500 സീറ്റുകള്‍ ഉള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. മുഖ്യവേദിയായ ടാഗോറില്‍ 900 സീറ്റുകളാണ് ഉള്ളത്. സിനിമകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ അപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പ്രദര്‍ശന ദിവസത്തിന്‍റെ തലേ ദിവസം 12 മണി മുതല്‍ അര്‍ധരാത്രി 12 മണിവരെ 24 മണിക്കൂര്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ക്യൂ നില്‍ക്കാതെ തന്നെ ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കായി തീയേറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി വനിതാ വളന്‍റിയര്‍മാരുടെ സേവനം ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. നിശാഗന്ധി തീയേറ്ററില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയ ശാരദയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. ഫെസ്റ്റിവല്‍ ഹാന്‍റ് ബുക്ക് ശശി തരൂര്‍ എം.പി മേയര്‍ കെ.ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘പാസ്‌സ് ബൈ സെന്‍സര്‍’ പ്രദര്‍ശിപ്പിക്കും. അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സൊളാനസിന്‍റെ അഞ്ച് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സമാപനച്ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക. പ്രേക്ഷക പങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ മേളകളിൽ ഒന്നാണ് ഐ.എഫ്.എഫ്.കെ.