മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനും പരിചിതനുമായ ഗാനരചയിതാവ് ആര് എന്ന ചോദ്യത്തിന് ഭൂരിപക്ഷം വരുന്ന ആസ്വാദകമനസ്സും ഏക സ്വരത്തില്‍ ഉത്തരം നല്‍കുക വയലാര്‍ രാമവര്‍മ്മ എന്നായിരിക്കും. അത്രമാത്രം ജനഹൃദയങ്ങള്‍ കീഴടക്കിയ കവിയാണ് വയലാര്‍. അനശ്വര ഗാനങ്ങളിലൂടെ നമ്മുടെ ജീവാംശമായി മാറിയ പ്രിയ കവി വയലാര്‍ രാമവര്‍മ്മയായിട്ട് 44 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പദങ്ങള്‍കൊണ്ട് സങ്കല്‍പ്പ സ്വര്‍ഗം പണിത് നല്‍കിയ കവി... നിത്യജീവിതം ഇങ്ങനെ വരികളില്‍ കോര്‍ത്ത മറ്റരാളില്ലാത്തത് കൊണ്ടുതന്നെയാണ് കേരളം വയലാറെന്ന നാലക്ഷരത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വയലാർ നൽകിയ സംഭാവനകളും ചെറുതല്ല. ഇന്നും മലയാളികളുടെ ചുണ്ടില്‍ തങ്ങിനില്‍ക്കുന്ന പലഗാനങ്ങളും അദ്ദേഹത്തിന്‍റ തൂലികയില്‍ പിറന്നതാണ്.
ഏറെ ലാളന അനുഭവിച്ച് വളര്‍ന്നതുകൊണ്ടാകാം അമ്മ എന്നും കവിയുടെ ബലഹീനതയായിരുന്നു. മാതൃത്വത്തെ ദൈവത്തിനേക്കാള്‍ മുകളില്‍ കാണുന്ന വരികള്‍ ആ തൂലികയില്‍ പിറന്നതും അതുകൊണ്ടാകാം. ഒരിക്കൽ കേട്ടാൽ മറക്കാത്ത എത്ര പ്രണയഗാനങ്ങളാണ് വയലാർ നമുക്കു സമ്മാനിച്ചതെന്നതിന് കണക്കില്ല. വരികളിൽ അത്ര മനോഹരമായാണ് പ്രണയം വിരിഞ്ഞത്. കുറിച്ചിട്ട വരികളിലെല്ലാം വാക്കുകളുടെ ഇന്ദ്രജാലം തീർത്തു വയലാർ. ഒരേസമയം പച്ചമനുഷ്യനും പ്രഗത്ഭനായ കവിയുമായി.
സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം എന്ന പാട്ടെഴുതുന്നത് വയലാറിലെ സാധരണക്കാരനെങ്കിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന് എഴുതിയത് അദ്ദേഹത്തിന്‍റെ കവിഹൃദയമാണ്. മനുഷ്യ വികാരങ്ങൾ മാത്രമല്ല, വയലാറിന്‍റെ തൂലിക തുമ്പിൽ നിന്നും ഉതിർന്ന് വീണത്. ചോരതിളയ്ക്കുന്ന വിപ്ലവവരികളും പിറന്നു. സഖാക്കളേ മുന്നോട്ട്, ബലികുടീരങ്ങളേ എന്നീ ഗാനങ്ങൾ മനസിൽ ഓർക്കാത്ത കമ്യൂണിസ്റ്റ് അനുഭാവികൾ കുറവായിരിക്കും. ഏത് മലയാളിയുടെയും ഇഷ്ടഗാനങ്ങളിലൊന്നായ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം ജീവിതം മടുത്തവര്‍ക്ക് പോലും ജീവിക്കാന്‍ പ്രേരണ നല്‍കും. വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുകള്‍, വിവിധ മതഗ്രന്ഥങ്ങള്‍ എന്നിവയിലെല്ലാം വയലാറിന്‍റെ ജ്ഞാനം അപാരമായിരുന്നു. 1975 ഒക്ടോബർ 27ന് അക്ഷരലോകത്തോട് വിടപറഞ്ഞ് അദ്ദേഹം മടങ്ങിയപ്പോള്‍ പറയാനുള്ളത് വയലാർ നേരത്തെ കുറിച്ചിട്ടിരുന്നു എന്ന് കരുതണം. വയലാറിന്‍റെ ഓര്‍മകൾ പോലെ അനശ്വരമായി പിന്നീട് ആ വരികള്‍. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...എനിക്കിനിയൊരു ജന്മം കൂടി....