കമൽ ഹാസൻ ചിത്രം 'മൈക്കേൽ മതൻ കാമ, രാജൻ' എന്ന ചിത്രത്തിനായി ഇളയരാജ ഈണം രചിച്ച ഗാനം മുപ്പത് വർഷങ്ങൾക്ക് ശേഷം യുവാക്കള്‍ക്കിടയില്‍ തരംഗമാവുകയാണ്. 'പേർ വച്ചാലും വെക്കാമാ...' എന്ന ഗാനത്തിന്‍റെ റീമിക്‌സ് യുവൻ ശങ്കർ രാജയിലൂടെ വന്നതോടെയാണ് നവമാധ്യമങ്ങളിൽ പാട്ട് ഹിറ്റായത്.
സന്താനം നായകനാകുന്ന 'ടിക്കിലോനാ' എന്ന ചിത്രത്തിനായാണ് ഇളയരാജയുടെ മകനും പ്രമുഖ സംഗീതജ്ഞനുമായ യുവൻ റീമിക്‌സ് വേർഷൻ ഒരുക്കിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെയും ഡിജെയിലും മറ്റും പാട്ടിന്‍റെ പുതിയ പതിപ്പ് ആധിപത്യം നേടിയതോടെ റിലീസ് ചെയ്‌ത് ആഴ്‌ചകൾക്കുള്ളിൽ തന്നെ റീമേക്‌സ് ഒരു കോടിയിലധികം കാഴ്‌ചക്കാരെ യൂട്യൂബിൽ സ്വന്തമാക്കി.
പാട്ടിന്‍റെ വിജയത്തിന് പിന്നാലെ തന്‍റെ പിതാവ് ഒറിജിനൽ പാട്ട് കമ്പോസ് ചെയ്യുമ്പോഴുള്ള രസകരമായ അനുഭവം വിവരിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് യുവൻ ശങ്കർ രാജ. പേരുവച്ചാലും എന്ന പാട്ടിന് ഈണമൊരുക്കുമ്പോൾ, മൈക്കേൽ മതൻ കാമ രാജൻ എന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകൻ ശ്രീനിവാസ റാവുവും നടൻ കമൽ ഹാസനും ഒപ്പമുള്ള രസകരമായ സംഭവവും ഓർത്തെടുക്കുകയാണ് ഇളയരാജ.
More Read: ഡിജെ പിക്കാച്ചുവും റൊമാന്‍റിക് നായികയും; വൃദ്ധി വിശാലിന്‍റെ പുത്തൻ വീഡിയോ വൈറൽ
പാട്ടിന് വരികൾ എഴുതുമ്പോൾ വാലി എന്ന ഗാനരചയിതാവിന് തിരുക്കുറൽ എങ്ങനെ പ്രചോദനമായെന്ന രസകരമായ അനുഭവമാണ് ഇസൈജ്ഞാനി ഇളയരാജ വീഡിയോയിൽ വിവരിച്ചത്.