ബെന്യാമിന്‍റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി സംവിധായകന്‍ ബ്ലസി ഒരുക്കുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ ജോര്‍ദാനില്‍ പുരോഗമിക്കുകയാണ്. നായകന്‍ പൃഥ്വിരാജും അണിയറപ്രവര്‍ത്തകരും ചിത്രീകരണത്തിനായി കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് വിദേശത്തേക്ക് പോയത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒമാൻ നടൻ ഡോ.താലിബ് അൽ ബലൂഷി കൊവിഡ് 19 വൈറസ് ബാധയുടെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്‍റൈനിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ, ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അണിയറപ്രവർത്തകരും, നടന്‍ പൃഥ്വിരാജും സുരക്ഷിതരാണെന്നുമാണ് അറിയാന്‍ കഴിയുന്നത്.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മുൻകരുതൽ നടപടിയുടെ ഭാഗമായി വിദേശത്തുനിന്ന് ജോർദാനിൽ എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വെക്കുന്നുണ്ട്. അതിന്‍റെ ഭാഗമായിട്ടാണ് ഡോ.താലിബിനെയും നിരീക്ഷണത്തിലാക്കിയത്. താലിബിന്‍റെ പരിഭാഷ സഹായി, യുഎഇയിൽ നിന്നുള്ള മറ്റൊരു നടൻ എന്നിവരും നിരീക്ഷണത്തിലാണ്.
അദ്ദേഹം ഉൾപ്പെടാത്ത സീനുകളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ കേസ് സ്ഥിരീകരിച്ചിട്ടില്ല. മുപ്പതോളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. വിനോദ സഞ്ചാരികളും നിരീക്ഷണത്തിലാണ്. മുൻകരുതൽ നടപടിയെന്ന രീതിയിൽ മാർച്ച് 31 വരെ ജോർദാനിൽ ആരോഗ്യ സേവനം ഒഴികെയുള്ള എല്ലാ മേഖലകളുടെയും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.