വിജയതീരം തേടുന്നത് വരെയുള്ള ഒറ്റക്കെട്ടായുള്ള പ്രയാണം. കൊവിഡ് ഒരു ആഗോളയുദ്ധമായി മാറുമ്പോൾ, വൈറസിനെ തോൽപിക്കാൻ അഹോരാത്രം പോരാട്ടം നടത്തുന്ന കേരളത്തിന്‍റെ മുഖ്യധാര പ്രവർത്തകർക്കായി ഒരു ഗാനം. മഹാവിപത്തിൽ ധൈര്യം പകർന്നവർ, ആശ്വാസമായവർ, പരിപാലിച്ചവർ അങ്ങനെ നാം കണ്ട നന്മയുടെ കുറേ മുഖങ്ങൾ. മൂന്ന് ആയുർവേദ ഡോക്ടർമാരുടെ കൂട്ടായ്‌മയിൽ ഒരുക്കിയ "നിൻ പേര് കേരളം" എന്ന വീഡിയോ ഗാനത്തിൽ ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, അധ്യാപകർ, ശുചീകരണ പ്രവർത്തകർ, രാഷ്‌ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, അന്നദാനം നടത്തിയ സാമൂഹിക പ്രവർത്തകർ, മറ്റ് സന്നദ്ധ സേവകർ തുടങ്ങി എല്ലാവരെയും ആദരിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
ഡോ. റെജി തോമസ് സംഗീതമൊരുക്കിയ ഗാനത്തിന്‍റെ ഹൃദയസ്‌പർശിയായ വരികൾ രചിച്ചിരിക്കുന്നത് ഡോ എസ്. ഗോപകുമാർ ആണ്. ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണനും മൃദുല വാര്യരും ചേർന്നാണ് നിൻ പേര് കേരളം ആലപിച്ചിരിക്കുന്നത്. ആഗോളമഹാമാരിയുടെ കാലത്ത് മുൻധാരയിലേക്കിറങ്ങി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായ ആരോഗ്യപ്രവർത്തകർ മുതൽ സ്‌നേഹത്തിന്‍റെ കരുതലായി എത്തിയ സഹായങ്ങളുടെ കരങ്ങളും മനോഹരമായ ദൃശ്യവിഷ്‌കരണത്തിലൂടെ വീഡിയോ ഗാനത്തിൽ അവതരിപ്പിക്കുന്നു. സച്ചിൻ സഹദേവും വിമിത് ആനന്ദുമാണ് എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത്. സുബാഷ് ഗംഗാധരനാണ് കേരളത്തിന്‍റെ അങ്ങോളമിങ്ങോളമുള്ള കൊവിഡ് കാല പ്രവർത്തനങ്ങളെ ഫ്രെയിമിനുള്ളിലേക്ക് പകർത്തിയത്. ഡോ. സജി ജോർജ് നിർമിച്ച നിൻ പേര് കേരളം എന്ന ഗാനത്തിന്‍റെ സംവിധാനം ശ്രീജേഷ് കേലോത്താണ്.