അവഞ്ചേഴ്സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ നെറ്റ്ഫ്ളിക്സ് ആക്ഷൻ ത്രില്ലർ ചിത്രമായ ദി ഗ്രേ മാനിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകര്‍. തെന്നിന്ത്യന്‍ താരം ധനുഷും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ക്ക് ആകാംഷ കൂടും. നെറ്റ്ഫ്ളിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിൽ സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സ്, റയാന് ഗോസ്ലിങ്, അനാ ഡെ അര്‍മാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2021 ജനുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഉടന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കില്ലെന്നാണ് ഇപ്പോള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണിത്. സിനിമയുടെ ചിത്രീകരണത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കാന്‍ നിരവധിയാളുകളെ ആവശ്യമുണ്ട്. പക്ഷെ ഇത്രയും ആളുകള്‍ക്കുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക എന്നത് വലിയ പ്രതിസന്ധിയാകുമെന്നതിനാലാണ് ഷൂട്ടിങ് നീട്ടിവെക്കുന്നത്. തെക്കൻ ലോസ് ഏഞ്ചൽസിലെ ലോങ് ബീച്ച് ഏരിയയിലാണ് സിനിമക്കായുള്ള സെറ്റ് ഒരുക്കിയിരിക്കുന്നത്.
2009ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദി ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. ജെസീക്ക ഹെൻവിക്, വാഗ്നർ മൗറ, ജൂലിയ ബട്ടർസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 2018ല്‍ കെന്‍ സ്കോട്ട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫാകിര്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ അരങ്ങേറിയത്. ഇത് ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ്. പട്ടാസാണ് അവസാനമായി പുറത്തിറങ്ങിയ ധനുഷ് ചിത്രം. അതിരംഗി രേ, ജഗമേ തന്തിരം, കര്ണന് തുടങ്ങി ബോളിവുഡിലും തമിഴിലുമായി ധനുഷിന്റെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ റിലീസിനായി തയ്യാറായിക്കൊണ്ടിരിക്കുകയാണ്.