ഇന്ത്യയിലെ ഒട്ടനവധി ക്ലാസിക് സിനിമകളുടെ ഭാഗമായ കലാസംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ പി.കൃഷ്ണമൂര്‍ത്തി ചെന്നൈയില്‍ അന്തരിച്ചു. 77 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അമ്പതില്‍ അധികം ചിത്രങ്ങളുടെ ഭാഗമായി.
അഞ്ച് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും കേരള ചലച്ചിത്ര പുരസ്‌കാരവും നേടി. കൂടാതെ തമിഴ്‌നാട് സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരവും കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്‍പി, പരിണയം, ഗസല്‍, കുലം, വചനം, ഒളിയമ്പുകള്‍ എന്നിങ്ങനെ പതിനഞ്ചിലേറെ മലയാള ചിത്രങ്ങള്‍ക്കൊപ്പവും കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തഞ്ചാവൂരിനടുത്ത പൂംപുഹാറില്‍ 1943ലായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ ജനനം. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ഫൈന്‍ ആര്‍ട്സില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടി. നാടകങ്ങള്‍ക്കും നൃത്ത പരിപാടികള്‍ക്കും സെറ്റൊരുക്കിയാണ് കലാജീവിതം ആരംഭിച്ചത്. 1975ല്‍ പുറത്തിറങ്ങിയ ഹംസഗീത എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാകുന്നത്. ജയകാന്തന്‍, അശോകമിത്രന്‍, ഗിരീഷ് കര്‍ണാട്, ബി.വി. കരാന്ത്, ഗായകന്‍ ബാലമുരളീകൃഷ്ണ തുടങ്ങിയവരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. 1987ല്‍ ലെനില്‍ രാജേന്ദ്രന്റെ സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തി മലയാളത്തില്‍ എത്തിയത്. ഹരിഹരന്‍റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൃഷ്ണമൂര്‍ത്തി.
മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് 1987ല്‍ ആദ്യ ദേശീയപുരസ്‌കാരം ലഭിക്കുന്നത്. കലാസംവിധാനത്തിന് മൂന്ന് തവണയും വസ്ത്രാലങ്കാരത്തിന് രണ്ട് തവണയുമായിരുന്നു ദേശീയ പുരസ്‌കാരം. ജ്ഞാനരാജശേഖരന്‍ സംവിധാനം ചെയ്‌ത രാമാനുജനിലാണ് അവസാനമായി കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചത്.