മലയാളത്തിന്‍റെ പ്രിയസംഗീതജ്ഞൻ മോഹൻ സിത്താര സിനിമ സംവിധാനത്തിലേക്ക് കടക്കുന്നു. ഐആം സോറി എന്ന ടൈറ്റിലിൽ സംഗീതപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും മോഹൻ സിത്താര തന്നെയാണ് നിർവഹിക്കുന്നത്. എന്നാൽ, ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് മകൻ വിഷ്ണു മോഹൻ സിത്താരയാണ്.
പുതുമുഖങ്ങളായിരിക്കും ഐആംസോറിയിലെ നിർണായകവേഷങ്ങൾ ചെയ്യുന്നത്. ഓഗസ്റ്റ് 26 മുതൽ തൃശൂർ, എറണാകുളം, കോയമ്പത്തൂർ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമായി സിനിമ ചിത്രീകരിക്കും.
രജിത് ടി നന്ദനം മോഹൻ സിത്താരയുടെ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കും. മോ ഇന്‍റർനാഷണൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മോഹൻ സിത്താര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ.എസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.
ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി തുടക്കം കുറിച്ച മോഹൻ സിത്താര കരുമാടിക്കുട്ടൻ, ഇഷ്ടം, രാക്ഷസരാജാവ്, സ്വപ്നക്കൂട്, മിസ്റ്റർ ബ്രഹ്മചാരി, നമ്മൾ, കുഞ്ഞിക്കൂനൻ, സദാനന്ദന്‍റെ സമയം, കാഴ്ച, രാപ്പകൽ, തന്മാത്ര തുടങ്ങി ഒട്ടനവധി സിനിമകളിലെ ഗാനങ്ങൾക്ക് ഈണം പകർന്നു. എഴുനൂറ്റിയമ്പതോളം ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ സംഭാവനകളായി മലയാളത്തിന് ലഭിച്ചത്.