ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ അഭിനയിക്കുന്ന 'തല്ലുമാല' എന്ന ചിത്രം ഇനി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യും. സിനിമയുടെ സംവിധാന കസേര ഖാലിദ് റഹ്മാന് കൈമാറിയെന്ന് ചിത്രത്തിന്റെ സംവിധായകനായിരുന്ന മുഹ്സിന് പരാരി ഔദ്യോഗികമായി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ അഭ്യർഥന പ്രകാരമാണ് ഖാലിദ് റഹ്മാൻ സംവിധാനം ഏറ്റെടുക്കുന്നതെന്നും താൻ തിരക്കഥാകൃത്തായി തുടരുമെന്നും മുഹ്സിൻ പരാരി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
മുഹ്സിന് പരാരിയുടെ ഫേസ്ബുക്ക് കുറിപ്പ്
'തല്ലുമാലയെ പറ്റിയുള്ള കൺഫ്യൂഷൻ തീർക്കാൻ ഉള്ള അറിയിപ്പ്. അഷ്റഫ്കയോടൊപ്പം എഴുതിയ തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര പ്രിയ സുഹൃത്ത് ഖാലിദ് റഹ്മാന് കൈമാറിയ വിവരം ഒന്നൂടെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നു.
ആ തീരുമാനത്തിന് പുറകിൽ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നും ഇല്ല. 2020 തുടക്കത്തിൽ ഒരു രാവിലെ ‘തല്ലുമാല നീ സംവിധാനം ചെയ്യുമോ? ‘എന്ന് ഞാൻ റഹ്മാനോട് ചോദിച്ചു. ‘തലേലിടുവാണോ?’ എന്ന് അവൻ ചോദിച്ചു. പിറ്റേന്ന് പുലർച്ച ഒരു രണ്ടുമണിക്ക് അവൻ എന്നെ ഫോണിൽ വിളിച്ച് ‘നീ സീര്യസാണെങ്കി ഞാൻ പരിഗണിക്കാം‘ എന്ന് പറഞ്ഞു. ഉടനെ അഷ്റഫ്കയോടും ടൊവിയോടും ഞാൻ കാര്യം പറഞ്ഞു.
Also Read: മാവോയിസ്റ്റ് രാഷ്ട്രീയം പ്രസക്തമായ വിഷയം; ഖാലിദ് റഹ്മാൻ
പിന്നെ അന്നത്തെ നിർമാതാവ് ആഷിഖ് അബുവിനോട് വിവരം അറിയിച്ചു. തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന് ഞങ്ങൾ തമ്മിൽ ധാരണയായി. ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന് തല്ലുമാല അദ്ദേഹം കൈമാറി. തല്ലുമാല എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും ഒരു പിരാന്തൻ പൂതിയാണ്. 2016 മുതൽ തല്ലുമാലയുടെ തിരക്കഥയിൽ ഞാനും അസർപ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്മാൻ ആ പിരാന്തൻ പൂതി സാക്ഷാത്കരിക്കും. ബാക്കി പരിപാടി പുറകെ..' എന്നാണ് മുഹ്സിൻ പരാരി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന് ചിത്രം നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനസമയത്ത് അറിയിച്ചിരുന്നത്. ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ.