മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്‍റെ വീട്ടിലെ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപിന്‍റെ നിര്‍മാണ കമ്പനിയായ ഫാന്‍റം ഫിലിംസിന്‍റെ ഓഫിസിലും വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയത്. ബോളിവുഡ് നടി താപ്സി പന്നുവിന്‍റെയും സംവിധായകന്‍ വികാസ് ബാലിന്‍റെയും വീടുകളിലും പരിശോധന നടത്തിയിരുന്നു.
റെയ്ഡിന് ശേഷമുള്ള വിവരങ്ങൾ ആദായ നികുതി വകുപ്പ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം, നിർമാതാവും സംരംഭകനുമായ മധു വർമ മന്തേനയുടെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയാണ്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ബോളിവുഡ് പ്രമുഖരുടെ വീട്ടിലും ഓഫിസിലും പരിശോധന.
പൗരത്വ ഭേദഗതി നിയമവും കാർഷിക നിയമവുമുൾപ്പെടെ കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ നയങ്ങള്‍ക്കെതിരെ മുമ്പ് താപ്സിയും അനുരാഗ് കശ്യപും ശബ്ദമുയർത്തിയിട്ടുണ്ട്.