ഒരു കാലഘട്ടത്തില്‍ മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന മെറിലാന്‍റ് മടങ്ങിയെത്തുന്നു, പുതുതലമുറയോടൊപ്പം. ടാക്കീസിലെ ലൈറ്റുകളെല്ലാം അണയുമ്പോള്‍ സ്ക്രീനിൽ തെളിഞ്ഞിരുന്നൊരു ചിത്രമുണ്ട്. തിരിയുന്ന ഭൂഗോളത്തിന് മുകളിലായി മയിലിനൊപ്പം വേലേന്തി നിൽക്കുന്ന മുരുകൻ. ഒപ്പം മെറിലാൻഡ് ട്രിവാൻഡ്രം എന്ന പേരും. പുതുതലമുറക്ക് അറിയാൻ വഴിയില്ലാത്ത മലയാള സിനിമാചരിത്രത്തിലെ ഹിറ്റുകളുടെ ഭാഗ്യചിഹ്നമായിരുന്ന ആ ലോഗോ മറഞ്ഞിട്ട് നാലുപതിറ്റാണ്ടോളമായി. ഒരുകാലത്ത് സിനിമാരംഗം കീഴടക്കിയിരുന്ന മെറിലാൻഡ് പ്രൊഡക്ഷൻസ് വലിയൊരിടവേളയ്ക്ക് ശേഷമാണ് തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
1951 ൽ പി. സുബ്രഹ്മണ്യമാണ് മെറിലാന്‍റിന് തുടക്കം കുറിച്ചത്. നേമത്ത് മാർ ഇവാനിയോസിന്‍റെ സെന്‍റ് പോൾ സ്കൂൾ പ്രവർത്തനം നിർത്തിയപ്പോൾ എട്ട് ഏക്കർ വരുന്ന ഭൂമി അക്കാലത്ത് വലിയ വില നൽകി വാങ്ങിയാണ് മെറിലാന്‍റിന്‍റെ പ്രവര്‍ത്തനം സുബ്രഹ്മണ്യം ആരംഭിച്ചത്. സിനിമയോടുള്ള കൗതുകമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പി. സുബ്രഹ്മണ്യത്തിന്‍റെ ചെറുമകൻ വിശാഖ് സുബ്രഹ്മണ്യമാണ് പാരമ്പര്യത്തിന്‍റെ സിനിമാ പ്രൗഢി വീണ്ടെടുക്കാനായി എത്തുന്നത്. നടൻ അജു വർഗീസുമായി ചേര്‍ന്ന് വിശാഖ് നിര്‍മിക്കുന്ന നിവിന്‍ പോളി ചിത്രം ലവ്, ആക്ഷന്‍, ഡ്രാമയിലൂടെയാണ് മെറിലാന്‍റ് വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുന്നത്.
ഉദയാ സ്റ്റുഡിയോക്കൊപ്പം മത്സരിച്ച് ഹിറ്റുകൾ തീർത്തിരുന്ന മെറിലാന്‍റിന്‍റെ അവസാന ചിത്രം 1978 ൽ പുറത്തിറങ്ങിയ മധു നായകനായുള്ള ‘ഹൃദയത്തിന്‍റെ നിറങ്ങൾ’ ആയിരുന്നു. തിയേറ്ററുകളിൽ നിറഞ്ഞോടിയ മെറിലാന്‍റിന്‍റെചിത്രങ്ങളിൽ 59 എണ്ണവും സംവിധാനം ചെയ്തത് പി. സുബ്രഹ്മണ്യം തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ‘കുമാരസംഭവ’മായിരുന്നു മലായാളത്തിലെ ആദ്യ സംസ്ഥാന അവാർഡ് നേടുന്ന ചിത്രം. പാടാത്ത പൈങ്കിളി, ഭക്തകുചേല, സ്നേഹദീപം, കാട്ടുമല്ലിക, സ്വാമി അയ്യപ്പൻ, ശ്രീഗുരുവായൂരപ്പൻ, ഉറങ്ങാത്ത സുന്ദരി തുടങ്ങി ബ്ലാക്ക് ആന്‍റ് വൈറ്റ് യുഗത്തിലെ ഹിറ്റുകൾക്കൊക്കെ പിന്നില്‍ മെറിലാന്‍റ് ആയിരുന്നു. അമ്മ നീലാമ്മാളുടെ ഓർമ്മയ്ക്കായി നീലാ പ്രൊഡക്ഷൻസ് എന്ന പേരിലായിരുന്നു പി സുബ്രഹ്മണ്യം ആദ്യകാല ചിത്രങ്ങൾ നിർമിച്ചിരുന്നത്.
സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനായ വിശാഖ് മെക്കാനിക്കൽ എൻജിനീയറായിരുന്നു. അച്ഛനൊപ്പം ശ്രീവിശാഖ് പ്രൊഡക്ഷന്‍സിന്‍റെ ചുമതലയിലായിരുന്നു വിശാഖ്. ശ്രീവിശാഖിൽ നിറഞ്ഞോടിയ ‘തട്ടത്തിൻ മറയത്തി’ലൂടെ വിനീത് ശ്രീനിവാസും ധ്യാനും അജു വർഗീസുമൊക്കെ വിശാഖിന്‍റെ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദയാത്രയാണ് അജുവുമായി ചേർന്നുള്ള ഈ നിർമാണ സംരംഭത്തിലെത്തിച്ചത്. മുത്തച്ഛനെ കണ്ടിട്ടില്ലെങ്കിലും ആ പ്രൗഢ പാരമ്പര്യമാണ് വിശാഖിന് ആത്മവിശ്വാസമേകുന്നത്. ശീതീകരിച്ച ആധുനിക തിയേറ്ററുകളിലെ സ്ക്രീനിൽ ഈ ആഴ്ച ‘ശ്രീവിശാഖ് മെറിലാന്‍റ് സിനിമാ റിലീസ്’ എന്ന പേര് തെളിയുമ്പോൾ ചരിത്രം രണ്ടാംഘട്ടത്തിലേക്ക് കടക്കും.