കാലം വളരുന്നു, സിനിമ മാറുന്നു... എന്നാൽ, അപ്രതീക്ഷിതമായി അതിഥി വേഷങ്ങളെ കഥയുടെ ഒഴുക്കിലേക്ക് വിട്ടുകൊണ്ട് സസ്‌പെൻസ് ഒരുക്കാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംവിധായകരും താൽപര്യപ്പെടുന്നു. സിനിമകളിൽ മാത്രമല്ല, വ്‌ളാഡിമിര്‍ നബോകോവിന്‍റെയും ജോൺ ജേക്‌സിന്‍റെയും പുസ്‌തകങ്ങളിൽ എഴുത്തുകാരനും മറ്റ് സാഹിത്യരചനകളിലെ കഥാപാത്രങ്ങളും അതിഥിവേഷത്തിലെത്താറുണ്ട്. പക്ഷേ, സിനിമയിലേക്ക് അതിഥി കഥാപാത്രങ്ങളെ എത്തിക്കുമ്പോൾ ചലച്ചിത്രകാരൻ ചിലപ്പോൾ അവിടെയൊരു ട്വിസ്റ്റ് നടപ്പിലാക്കും. ആകാംക്ഷയുടെ മുൾമുനയിലാണ് പ്രേക്ഷകനെങ്കിൽ അതിഥിതാരം കഥയിൽ ശീതമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നു. സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തിന്‍റെയും അതിഥി വേഷത്തിലെത്തുന്ന കലാകാരന്‍റെയും വെള്ളിത്തിരയ്‌ക്ക് പുറത്തുള്ള സൗഹൃദം വ്യക്തമാക്കുന്നതിനും ഇത്തരം കടന്നുവരവ് സഹായകമാകാറുണ്ട്. ഇതിനെല്ലാമുപരി, ചിത്രത്തിന്‍റെ പ്രൊമോഷനും അതിഥിതാരങ്ങളുടെ സാന്നിധ്യത്തിലൂടെ സാധിക്കും.
ഒന്നോ രണ്ടോ രംഗങ്ങൾ, സമയത്തിന്‍റെ ചുരുക്കത്തിൽ പരിമിതപ്പെടുത്തിയാണെങ്കിലും ഹരം കൊള്ളിക്കുന്ന ഡയലോഗുകൾ... പ്രേക്ഷകനെ കയ്യിലെടുക്കാൻ അതിഥി താരങ്ങൾക്ക് നിമിഷങ്ങൾ മതി. മിക്കവാറും ചിത്രത്തിന്‍റെ അവസാനഭാഗമായിരിക്കും ഇങ്ങനെ താരങ്ങളെ പരിചയപ്പെടുത്തുക. കഥ ശുഭപര്യാപ്‌തമായി അവസാനിച്ചാലും ഇല്ലെങ്കിലും സിനിമ കണ്ടിറങ്ങിയ കാഴ്‌ചക്കാരന്‍റെ അനുഭവത്തിൽ മുഴുനീള കഥാപാത്രത്തിനൊപ്പം നിമിഷനേരത്തേക്ക് വന്നുപോയ ജനപ്രിയനായ താരവും ഇടംപിടിച്ചിരിക്കും.
മലയാളസിനിമയുടെ ഓരോ കാലഘട്ടത്തിലും സൂപ്പർതാരങ്ങളും സംഗീതകലാകാരന്മാരും സംവിധായകരും രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കന്മാരും ഇതുപോലെ പ്രതൃക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും പ്രേംനസീറും കുതിരവട്ടം പപ്പുവും രഞ്‌ജിത്തും ലാൽ ജോസും പൊൻകുന്നം വർക്കിയും ബോളിവുഡിൽ നിന്ന് ബിഗ് ബിയും അനിൽ കപൂറും സുനിൽ ഷെട്ടിയും... അങ്ങനെ നിരവധി അനവധി അതിഥികൾ.... നിങ്ങൾ കാണുന്നത് യാഥാർത്ഥ്യമല്ല, സിനിമയാണെന്ന് കൂടി മനസിലാക്കി തരാൻ ഈ വേഷങ്ങളിലൂടെ ചലച്ചിത്രകാരൻ ശ്രമിക്കുന്നു.
വരുന്ന ചിങ്ങത്തിൽ പതിനെട്ട് തികയുമെന്ന് മമ്മൂട്ടിയുടെ ഇമ്മാനുവൽ പറയുന്നതിനെ വെറും ചിരിയായി മാത്രം ഒതുക്കേണ്ട. ലുക്കിലും രൂപത്തിലും യൗവ്വനം കാത്തുസൂക്ഷിക്കുന്ന മലയാളിയുടെ പ്രിയപ്പെട്ട മമ്മൂക്ക ക്ഷണികനേരത്തേക്ക് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ പോലും ഇന്നും നിറഞ്ഞ കൈയടിയും ആർപ്പുവിളികളുമാണ് നിത്യയൗവ്വനത്തെ സ്വീകരിക്കുന്നത്. മുഴുനീള കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന നടൻ അതിഥിവേഷത്തിലെത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈനീട്ടി സ്വീകരിച്ചു.
ഇതാ ഇന്നു മുതൽ
ടി.എസ് സുരേഷ് ബാബുവിന്‍റെ സംവിധാനത്തിൽ 1984ൽ റിലീസിനെത്തിയ ചിത്രത്തിൽ മലയാളത്തിന്‍റെ രണ്ട് സൂപ്പർനടന്മാരും അതിഥിതാരങ്ങളായി എത്തുന്നുണ്ട്. ശങ്കർ, ശ്രീനാഥ്, റാണി പത്‌മിനി, അടൂർ ഭാസി, ഉമാ ഭാരതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ മോഹൻലാൽ മോഹൻലാലായി തന്നെയാണ് എത്തിയത്. ജയമോഹനെന്ന പേരിലായിരുന്നു മമ്മൂട്ടിയുടെ അതിഥി വേഷം. തിയേറ്ററുകളിൽ ഹിറ്റൊരുക്കിയ ചിത്രമായിരുന്നു ഇതാ ഇന്നു മുതൽ.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
ശ്രീനിവാസന്‍റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം. 1986ൽ പുറത്തിറങ്ങിയ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മോഹൻലാലിനൊപ്പം ശ്രീനിവാസനും ലിസിയുമായിരുന്നു. ജഗതി, കുതിരവട്ടം പപ്പു, മണിയൻപിള്ള രാജു, ബഹദൂർ, ജഗദീഷ്, മുകേഷ്, സുകുമാരി എന്നിങ്ങനെ പ്രമുഖ താരനിര കൂടി അണിനിരന്നതോടെ മലയാളത്തിന്‍റെ മികച്ച കോമഡി- കുടുംബചിത്രമായി ഇത് മാറി. ചിത്രത്തിൽ വീട്ടിലേക്ക് എത്തുന്ന അതിഥിയുടെ വേഷമായിരുന്നു മമ്മൂട്ടിക്ക്. ശ്രീനിവാസനായിരുന്നു മമ്മൂട്ടിക്ക് ശബ്‌ദം നൽകിയത്.
ഗാന്ധിനഗര്‍ സെക്കന്‍റ് സ്‌ട്രീറ്റ്
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 1986ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിന്‍റെ രക്ഷകനാണ് മമ്മൂട്ടി. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഗാന്ധിനഗര്‍ സെക്കന്‍റ് സ്‌ട്രീറ്റ് അവസാനഭാഗത്തേക്ക് അടുക്കുമ്പോൾ പ്രതീക്ഷിക്കാത്തിടത്ത് മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നു. കഷ്‌ടപ്പാടുകളിൽ നിന്ന് സേതുവിനെ രക്ഷിച്ച് വിദേശത്തേക്ക് കൊണ്ടുപോകുന്നത് മമ്മൂട്ടിയുടെ അതിഥിവേഷം ബാലചന്ദ്രനാണ്. സീമ അവതരിപ്പിച്ച നിർമല ടീച്ചറിന്‍റെ ഭർത്താവാണ് ബാലചന്ദ്രൻ.
നരസിംഹം
മമ്മൂട്ടിയുടെ ഏറ്റവും മികച്ച അതിഥി കഥാപാത്രം. ഷാജി കൈലാസ് ചിത്രം നരസിംഹത്തിൽ ലാലേട്ടന്‍റെ ഇന്ദുചൂഢനൊപ്പം പ്രേക്ഷകനിലേക്ക് നന്ദഗോപാല്‍ മാരാരും ഇടംപിടിച്ചു. ദി കിംഗിലെ സുരേഷ് ഗോപിയുടെ അതിഥി വേഷം ചിത്രത്തിന്‍റെ മാറ്റ് കൂട്ടിയതിനാൽ സംവിധായകൻ, സുരേഷ് ഗോപിയെയായിരുന്നു നന്ദഗോപാല്‍ മാരാരായി മനസിൽ കണ്ടിരുന്നത്. എന്നാൽ, മോഹന്‍ലാലിന്‍റെയും തിരക്കഥാകൃത്ത് രഞ്ജിത്തിന്‍റെയും മനസിൽ മമ്മൂട്ടിയുടെ രൂപമായിരുന്നു അഭിഭാഷകനായ മാരാർക്ക്.
"നന്ദഗോപാല്‍ മാരാര്‍ക്ക് വിലയിടാന്‍ അങ്ങ് തലസ്ഥാനത്ത്, ദില്ലിയിലും ഒരുപാട് ക്ണാപ്പന്‍മാര് ശ്രമിച്ചുനോക്കിയതാ. നാസിക്കിലെ റിസര്‍വ് ബാങ്കിന്‍റെ നോട്ടടിക്കുന്ന പ്രസുണ്ടല്ലോ, കമ്മട്ടം... അതെടുത്തോണ്ടുവന്ന് തുലാഭാരം തൂക്കിയാലും മാരാരിരിക്കുന്ന തട്ട് താണുതന്നെയിരിക്കും... മക്കളേ, രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റിവിടല്ലേ...” ഒപ്പം കോടതിമുറിയിലെ അഭിഭാഷകൻ മാരാരുടെ പ്രകടനം കൂടിയായപ്പോൾ മമ്മൂട്ടി കസറി. ഇന്ദുചൂഢന്‍റെ അച്ഛനെ ജയിൽമോചിതനാക്കാൻ വന്ന രക്ഷകന്‍റെ റോളായിരുന്നു നന്ദഗോപാല്‍ മാരാരിലൂടെ മമ്മൂട്ടിക്ക്.
കൈ എത്തും ദൂരത്ത്
ഫാസിൽ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച് 2002ൽ പ്രദർശനത്തിനെത്തിയ മലയാള ചിത്രം കൈ എത്തും ദൂരത്ത് ഫഹദ് ഫാസിലിന്‍റെ അരങ്ങേറ്റസിനിമയായിരുന്നു. തെന്നിന്ത്യൻ നടി നികിത തൂൽകലായിരുന്നു നായിക. സച്ചിൻ മാധവനെന്ന യുവാവും സുഷ്‌മ എന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൈ എത്തും ദൂരത്തിന്‍റെ മധ്യഭാഗത്തും ക്ലൈമാക്‌സിലും സൂപ്പർസ്റ്റാർ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിൽ അഭിഭാഷകൻ ഗോപി എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിക്ക്. സച്ചിയുടെയും സുഷ്‌മയുടെയും വീട്ടുകാരുടെയും ഇടയിൽ പ്രശ്‌നപരിഹാരത്തിന് എത്തുന്ന ആളായി മാത്രമല്ല, കഥയുടെ അവസാനം ഇരുവരും തമ്മിലുള്ള പ്രണയം വെളിപ്പെടുന്നതും ഗോപിയുടെ സഹായത്താലാണ്.
കഥ പറയുമ്പോൾ
ഒരു സമ്പൂർണ ശ്രീനിവാസൻ ചിത്രം. അതാണ് കഥ പറയുമ്പോൾ. എം.മോഹനൻ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം ബാർബർ ബാലന്‍റെ ജീവിതമാണ് വിവരിക്കുന്നത്. ശ്രീനിവാസൻ തിരക്കഥയും സഹനിർമാണവും നിർവഹിച്ച് 2007ൽ റിലീസിനെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടേത് അതിഥി വേഷമാണെങ്കിലും കഥയെ പൂർത്തിയാക്കുന്നത് അദ്ദേഹത്തിന്‍റെ സൂപ്പർതാരമായുള്ള കടന്നുവരവിലൂടെയാണ്. സ്‌കൂളിലെ വേദിയിൽ തന്‍റെ ആത്മസുഹൃത്ത് ബാലനെ കുറിച്ച് വികാരാതീതനാകുന്ന സൂപ്പർസ്റ്റാർ അശോക്‌രാജിനെ മമ്മൂട്ടി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്.
വൺവേ ടിക്കറ്റ്
കടുത്ത മമ്മൂട്ടി ആരാധകനായ നായകന്‍റെ ജീവിതമായിരുന്നു 2008ൽ റിലീസ് ചെയ്‌ത വൺവേ ടിക്കറ്റിൽ ചിത്രീകരിച്ചത്. ജീപ്പ് ഡ്രൈവറായ നായകൻ കുഞ്ഞാപ്പുവിന്‍റെ വേഷം ചെയ്‌തത് നടൻ പൃഥ്വിരാജാണ്. ബിബിൻ പ്രഭാകർ സംവിധാനം ചെയ്‌ത സിനിമയിലെ നായികാ വേഷം ഭാമയുടേതായിരുന്നു. ചിത്രത്തിലെ നായകൻ പ്രശ്‌നങ്ങൾക്കിടയിലാകുമ്പോൾ ആരാധകനെ രക്ഷപ്പെടുത്താൻ ഒടുവിൽ സൂപ്പർതാരം തന്നെ അവതരിക്കുന്നു.
ബെസ്റ്റ് ഓഫ് ലക്ക്
ആസിഫ് അലി, റിമാ കല്ലിങ്കൽ, അർച്ചന കവി, കൈലാഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമായാണ് ബെസ്റ്റ് ഓഫ് ലക്ക്. 2010ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പ്രഭു, ഉർവശി എന്നിവരും നിർണായകവേഷത്തിലെത്തുന്നുണ്ട്. ധൂർത്തനായ യുവാവ് സൂര്യയുടെയും സുഹൃത്തുക്കളുടെയും കഥയാണ് ബെസ്റ്റ് ഓഫ് ലക്ക് പറയുന്നത്. ഫഹദ് ഫാസിൽ, ജോണി ആന്‍റണി, മുകേഷ് എന്നിവർക്കൊപ്പം മമ്മൂട്ടിയും ചിത്രത്തിൽ അതിഥി താരമായി എത്തുന്നു. ആസിഫ് അലിയുടെ മനുവെന്ന കഥാപാത്രത്തിന്‍റെ സിനിമയ്‌ക്കായുള്ള കഥ കേട്ട് ഇഷ്‌ടപ്പെടുന്ന മമ്മൂട്ടി മനുവിന്‍റെ സിനിമ ചെയ്യാമെന്ന് വാക്ക് നൽകുന്നുണ്ട്. കൂടാതെ, ചിത്രം ശുഭപര്യാപ്‌തമായി അവസാനിക്കുന്നിടത്തും സംവിധായകൻ എം.എ നിഷാദ് മമ്മൂട്ടിയെ അതിഥി വേഷത്തിലെത്തിക്കുന്നുണ്ട്.
ക്യാപ്‌റ്റൻ
വി.പി സത്യന്‍റെ ജീവിതത്തെ മൂന്ന് മണിക്കൂറിനുള്ളിൽ വിശദമായി വിവരിച്ച ക്യാപ്റ്റന്‍ എന്ന ചിത്രത്തിൽ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ വേഷമിടുന്നു. ഫുട്‌ബോൾ ക്യാപ്‌റ്റനായിരുന്നിട്ടും അർഹിക്കുന്ന അംഗീകാരമോ പരിഗണനയോ ലഭിക്കാത്ത വി.പി സത്യനും ഭാര്യയും അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയ സംഭവം ജയസൂര്യയിലൂടെയും അനു സിതാരയിലൂടെയും സാക്ഷാൽ മമ്മൂട്ടിയിലൂടെയും സിനിമയിലേക്ക് പകർത്തിയിട്ടുണ്ട്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രം 2018ലാണ് റിലീസിനെത്തിയത്.
"പരാജയപ്പെട്ടവനാണ് ചരിത്രം സൃഷ്‌ടിച്ചിട്ടുള്ളത്... വിജയിച്ചവൻ ചരിത്രത്തിന്‍റെ ഭാഗമായിട്ടേയുള്ളൂ," എന്ന് മമ്മൂട്ടി അന്ന് വി.പി സത്യനോട് പറഞ്ഞു. ക്യാപ്‌റ്റനിലൂടെ ആ സവിശേഷ മുഹൂർത്തം പുനർചിത്രീകരിക്കപ്പെട്ടപ്പോൾ പ്രേക്ഷകനും മമ്മൂട്ടിയുടെ അതിഥി വേഷത്തെ ഹൃദയംഗമമായി സ്വീകരിച്ചു.
പതിനെട്ടാം പടി
കഴിഞ്ഞ വർഷം തിയേറ്ററിൽ വെറുതെയങ്ങ് വന്നുപോയ സിനിമയല്ല പതിനെട്ടാം പടി.. തൊണ്ണൂറുകളുടെ അന്ത്യത്തിലാണ് കഥ നടക്കുന്നതെങ്കിലും സമകാലീന വിദ്യാഭ്യാസ സമ്പ്രദായത്തെയും അതിന്‍റെ പോരായ്മകളെയും ചിത്രത്തിൽ വിശദീകരിക്കുന്നു. ക്ലാസ് മുറിയിലെ ചുമരുകൾക്കുള്ളിൽ നിന്നല്ല, അനുഭവങ്ങളും സമൂഹവുമാണ് അറിവ് സമ്പാദിക്കാനുളള ഉചിതമായ സ്ഥലമെന്ന് ഒരു പറ്റം ചെറുപ്പക്കാരെ മമ്മൂട്ടിയുടെ കഥാപാത്രം പഠിപ്പിക്കുന്നു.
ശങ്കര്‍ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടിയിൽ ജോൺ എബ്രഹാം പാലയ്ക്കലായാണ് മമ്മൂട്ടി എത്തുന്നത്. പൃഥ്വിരാജ്, ആര്യ തുടങ്ങിയ താാങ്ങളും ചിത്രത്തിൽ അതിഥികളായെത്തുന്നുണ്ട്. ഇരുപതോളം നവാഗതരായ യുവതാരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.
ചെറിയ വേഷങ്ങളാണെങ്കിലും മമ്മൂട്ടി എത്തിയ അപ്രതീക്ഷിത രംഗങ്ങൾ അവസാനിക്കുന്നില്ല. ജഗതിയും സുകുമാരിയും ശങ്കരാടിയും ഗംഭീരപ്രകടനം കാഴ്‌ചവച്ച കിന്നാരത്തിൽ മമ്മൂട്ടി അതിഥിതാരമായി വരുന്നുണ്ട്.
ടോണി കുരുശിങ്കലിനെ മലയാളി മറക്കില്ല. 1990 ഫെബ്രുവരിയിൽ തിയേറ്ററിലെത്തി ഹിറ്റായി മാറിയ ജോഷി ചിത്രത്തിലെ മമ്മൂട്ടിയെയും. നമ്പര്‍ 20 മദ്രാസ് മെയിലിൽ അതിഥി വേഷമല്ലെങ്കിലും സിനിമാതാരമായെത്തി മോഹൻലാലിന്‍റെ ടോണി കുരിശിങ്കലിനെ രക്ഷിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ മമ്മൂട്ടി. മെഗാസ്റ്റാറെന്ന ടാഗ്‌ലൈനിൽ വെറുതെ വന്നുപോകുകയായിരുന്നില്ല അതിഥി കഥാപാത്രങ്ങളിലൂടെ താരം. സിനിമയ്‌ക്കും പുറത്തും നവതാരങ്ങളെയും കഴിവുള്ളവരെയും അംഗീകരിക്കുന്നതിൽ മമ്മൂട്ടി എപ്പോഴും താൽപര്യപ്പെടുന്നു. സഹതാരങ്ങൾക്ക് പിന്തുണ നൽകുന്നതിലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ചെറിയ രംഗങ്ങളിൽ പോലും തന്‍റെ സ്വാധീനമറിയിച്ചുകൊണ്ട് സഹതാരങ്ങളുടെയും ആരാധകരുടെയും മനസ് നിറക്കുകയാണ് അഭിനയം അഭിനിവേശമാക്കിയ മലയാളത്തിന്‍റെ സ്വന്തം മമ്മൂക്ക.