ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന പ്രിയ ചിരിതാരങ്ങള്‍ വിവാഹിതരാകുന്നു. മറിമായം സീരിയലിലൂടെ ശ്രദ്ധേയരായ സ്നേഹ ശ്രീകുമാറും എസ്.പി ശ്രീകുമാറുമാണ് വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്. മറിമായത്തില്‍ ഇരുവരും അവതരിപ്പിച്ച മണ്ഡോദരിയും ലോലിതനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഡിസംബർ പതിനൊന്നിന് തൃപ്പൂണിത്തുറയിൽ വച്ചാണ് ഇരുവരുടെയും വിവാഹം. ഔദ്യോഗികമായി വിവാഹ വാർത്ത താരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. മറിമായത്തിന്‍റെ പഴയ എപ്പിസോഡിൽ ലോലിതനും മണ്ഡോദരിയും തമ്മില്‍ നടത്തിയ ഫോൺ സംഭാഷണമാണ് താരം പങ്കുവച്ചിരിക്കുന്നത്.
കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ ശ്രീകുമാറിന് മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്‍റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ച് കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമാണ് ശ്രീകുമാർ.