തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന്‍റെ വീട്ടിൽ പാതിരാത്രി അതിക്രമിച്ച് കയറാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലാണ് വട്ടിയൂർക്കാവ് പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കൃഷ്ണകുമാറിന്‍റെ വീട്ടിലെത്തിയ യുവാവ് ഗേറ്റിന് പുറത്തെത്തി ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് കാര്യം അന്വേഷിച്ചപ്പോൾ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. തുറക്കില്ലെന്ന് പറഞ്ഞതോടെ ഗേറ്റ് ചാടിക്കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാനയുടെ ആരാധകൻ ആണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
അതിക്രമിച്ച് കയറാനുള്ള ശ്രമം കണ്ണിൽപ്പെട്ടതോടെ കൃഷ്ണകുമാറും കുടുംബവും വീടിന്‍റെ മുകളിൽ നിന്നും കാമറയിൽ പകർത്തുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലാണ് കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്. ബിജെപി നേതാവ് സന്ദീപ് വാര്യർ സംഭവം വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു.
"ഇന്നലെ രാത്രി ഒമ്പതര മണിക്ക് തിരുവനന്തപുരം ശാസ്തമംഗലത്തുള്ള നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണ കുമാറിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുള്ള അക്ബർ ആണെന്ന് ഇപ്പോൾ പൊലീസ് പറയുന്നു. സംഭവം പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണം," പോസ്റ്റിനൊപ്പം സന്ദീപ് വാര്യർ കുറിച്ചു.