മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് ആമസോണിലെത്തുന്നു. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമ ലോക്ക് ഡൗണിന് ശേഷം തിയേറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ദി പ്രീസ്റ്റ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. വിഷു ദിനത്തിൽ സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങുകയാണ്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമുള്ള ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഈ മാസം 14 മുതൽ ദി പ്രീസ്റ്റ് കാണാം.
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ പുരോഹിതന്‍റെ വേഷമാണ് ചെയ്തത്. കൈതി ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ബേബി മോണിക്ക ദി പ്രീസ്റ്റിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, രമേഷ് പിഷാരടി, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആന്‍റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി.എൻ ബാബു എന്നിവർ ചേർന്നാണ് ദി പ്രീസ്റ്റ് നിർമിച്ചത്.