അതിർത്തിയിൽ രാജ്യത്തിന് കാവലായി നിൽക്കുന്ന സൈനികരെ പോലെ മഹാമാരിക്കും ജനങ്ങൾക്കുമിടയിൽ നിന്ന് പോരാടുന്ന നഴ്‌സുമാർ. അവഗണനകളും പ്രതിസന്ധികളും വകവക്കാതെ മനുഷ്യായുസ്സുകളുടെ സംരക്ഷണത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന നഴ്‌സുമാർക്കുള്ള സമർപ്പണമാണ് 'സ്റ്റെഫി ദ് വൈറ്റ് വാരിയര്‍' എന്ന ഹ്രസ്വ ചിത്രം. ടെന്നി ജോസഫ് സംവിധാനം ചെയ്‌ത ലഘുചിത്രം നവമാധ്യമങ്ങളിൽ റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് എണ്ണായിരത്തിലധികം കാഴ്‌ചക്കാരെയാണ് സ്റ്റെഫി ദ് വൈറ്റ് വാരിയര്‍ യൂട്യൂബിൽ സ്വന്തമാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
സൈനികരെ പോലെ വൈറസിനെതിരെ പോരാടാൻ ഏതു സമയത്തും ആരോഗ്യ പ്രവർത്തകരും സജ്ജരാകേണ്ടി വരുന്ന സാഹചര്യമാണിപ്പോൾ. ഭാവിയെ പോലും ഗൗനിക്കാതെ പല നഷ്‌ടങ്ങളും പ്രയാസങ്ങളും നേരിട്ട്, കൊവിഡ് ശുശ്രൂഷക്ക് തയ്യാറാകുന്ന സാധാരണക്കാരിയായ ഒരു നഴ്‌സിനെയാണ് സ്റ്റെഫി പ്രതിനിധീകരിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയം ചർച്ച ചെയ്യുന്ന ഹ്രസ്വ ചിത്രത്തിൽ ഒരു നഴ്‌സിനോടുള്ള പൊതുജനങ്ങളുടെ സമീപനവും കാഴ്‌ചപ്പാടും വിവരിക്കുന്നുണ്ട്. ആഗ്ന രൂപേഷാണ് ചിത്രത്തിലെ മുഖ്യവേഷത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രദീപ് പനങ്ങാട്, ആലിസ്, ജോസ് ആന്‍റണി, ജിബ് പാല എന്നിവരും ഇതിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൊവിഡ് കാലത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ സ്റ്റെഫി ദ് വൈറ്റ് വാരിയറിന്‍റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് നിതിന്‍ മൈക്കിളാണ്. ടിനു കെ. തോമസാണ് എഡിറ്റിങ്ങ്. സാമ്പാസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ടെന്‍സണ്‍ ജോസഫും ടെറിന്‍ ടെന്നിയും ചേര്‍ന്ന് 'സ്റ്റെഫി ദ് വൈറ്റ് വാരിയര്‍' നിർമിച്ചിരിക്കുന്നു.