തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിച്ചതോടെ വമ്പൻ ചിത്രങ്ങൾ റിലീസിനെത്തുകയാണ്. കൊവിഡും ലോക്ക് ഡൗണും സിനിമാമേഖലയെ തളർത്തിയിരുന്നെങ്കിലും വീണ്ടെടുക്കാനുള്ള പ്രയത്നത്തിലാണ് പുത്തൻ റിലീസ് ചിത്രങ്ങൾ. ദി പ്രീസ്റ്റ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന സാഹചര്യത്തിൽ നിന്നും കൊവിഡിന് ശേഷമുള്ള മെഗാസ്റ്റാറിന്‍റെ ആദ്യവരവ് ഗംഭീരമായാണ് തിയേറ്ററുകൾ ഏറ്റെടുത്തതും. ഇന്ന് പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം കളക്കും ആദ്യ ദിവസം ലഭിച്ചത് വളരെ മികച്ച സിനിമാനുഭവമെന്ന പ്രതികരണമാണ്. തിയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയവർ ചിത്രത്തിന്‍റെ സംവിധായകനെയും അണിയറപ്രവർത്തകരെയും ടൊവിനോയെയും അവരുടെ പ്രയത്നത്തെയും പ്രശംസിക്കുന്നു.
കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളിൽ പുത്തൻ പുതിയ സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് റിലീസുകളാണുള്ളത്. മെഗാസ്റ്റാറിന്‍റെ വൺ, സംസ്ഥാന- ദേശീയ അവാർഡിൽ തിളങ്ങിയ ബിരിയാണി, മലയാളം കാത്തിരിക്കുന്ന ആന്തോളജി ചിത്രം ആണും പെണ്ണും.
അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കടക്കൽ ചന്ദ്രൻ പ്രേക്ഷകനെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് വൺ എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസും പ്രഖ്യാപിച്ചു. സന്തോഷ് വിശ്വനാഥന്‍റെ സംവിധാനത്തിലൊരുങ്ങുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ മലയാള സിനിമയിലെ വമ്പൻ താരനിര അണിനിരക്കുന്നു. മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ, രഞ്ജിത്ത്, സുരേഷ് കൃഷ്ണ, അലൻസിയർ, സുധീർ കരമന, ജഗദീഷ്, സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, സുദേവ് നായർ, ശ്യാമപ്രസാദ്, മാത്യു തോമസ്, നന്ദു, മാമുക്കോയ, മുകുന്ദൻ, പ്രേംകുമാർ, റിസബാവ, ബാലാജി, ഇഷാനി കൃഷ്‌ണ എന്നിങ്ങനെ പ്രമുഖ താരങ്ങളാൽ സമ്പുഷ്‌ടമാണ് ചിത്രം. "കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടക്കൽ ചന്ദ്രനെന്നാണ് അയാളുടെ പേര്," ചിത്രത്തിന്‍റെ ട്രെയിലറും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിലീസും ചേർത്തുവായിക്കുമ്പോൾ, വൺ സമകാലിക കേരള രാഷ്‌ട്രീയവുമായി ബന്ധമുണ്ടോയെന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്. നാളെ ചിത്രം റിലീസിനെത്തുമ്പോൾ, തിയേറ്ററുകളും ആഘോഷത്തിന്‍റെ അന്തരീക്ഷത്തിലായിരിക്കുമെന്നത് തീർച്ച.
ദേശീയ പുരസ്കാര തിളക്കത്തോടെയാണ് സജിൻ ബാബുവിന്‍റെ 'ബിരിയാണി' നാളെ പ്രദർശനത്തിനെത്തുന്നത്. തിയേറ്ററിൽ തന്നെയാണ് ചിത്രത്തിന്‍റെ റിലീസും. കനി കുസൃതിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ചിത്രം ഒരു സ്‌ത്രീ പക്ഷ സിനിമയെന്ന് പറയുമ്പോൾ കാലത്തിന് അനിവാര്യമായ കഥയാണ് പറയുന്നത്. ചിത്രത്തിലെ നായിക ഒരു മുസ്‌ലിം യുവതിയാണ്. അവളുടെ ചെറുത്ത് നിൽപിന്‍റെയും ലൈംഗിക സ്വാതന്ത്ര്യത്തിന്‍റെയും കഥയാണ് ബിരിയാണി. അകാലത്തിൽ വിടവാങ്ങിയ അനിൽ നെടുമങ്ങാടും ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ ചിലപ്പോൾ ബിരിയാണി ദഹിച്ചില്ലെന്ന് വരാം. എന്നാൽ, ദേശീയ അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ച ചിത്രത്തിന് അർഹമായ അംഗീകാരം പ്രേക്ഷകന് നൽകാനുള്ള അവസരം കൂടിയാണ്, നാളെ സിനിമയെ തിയേറ്ററിൽ വരവേൽക്കുമ്പോൾ.
ആണും പെണ്ണും.... എട്ട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് വരുന്ന പുതിയ ആന്തോളജി. രാജീവ് രവി ഒരുക്കുന്ന ആന്തോളജി ചിത്രത്തിൽ ആഷിക് അബു, ജയ് കെ., വേണു എന്നിവരാണ് സംവിധായകന്മാർ. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രൻ, പാർവതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോര്‍ജ്, സംയുക്ത മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് തുടങ്ങി മലയാളത്തിന്‍റെ പ്രമുഖ താരങ്ങളാണ് ഭാഗമാകുന്നത്. മൂന്ന് സിനിമകളാണ് ആന്തോളജിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നാളെ പ്രദർശനശാലകളിലേക്ക് ആണും പെണ്ണും കൂടിയെത്തുമ്പോൾ പഴയ പോലെ മലയാള സിനിമയും ഉയർത്തെഴുന്നേൽക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരുതലോടെ വീണ്ടും തിയേറ്ററുകളിലേക്ക് പോകാം... ലോക്ക് ഡൗൺ കാലത്ത് ഒടിടിയിലൂടെ വിരസത മാറ്റാനെത്തിയ സിനിമയെ തിയേറ്റർ അനുഭവത്തോടെ ആസ്വദിക്കാം.