കണ്ണൂര്‍: ലോക്ക് ഡൗണിന് ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച തിയേറ്ററുകളില്‍ ആദ്യം റിലീസ് ചെയ്‌ത സിനിമ ജയസൂര്യയുടെ വെള്ളം ആയിരുന്നു. സിനിമ റിലീസ് ചെയ്‌ത് ദിവസങ്ങള്‍ക്കകം തന്നെ സിനിമയുടെ വ്യാജന്‍ വ്യാപകമായി ലോകമെമ്പാടും പ്രചരിക്കാന്‍ തുടങ്ങി. ഇതില്‍ പ്രതിഷേധം അറിയിച്ചും നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ് മുരളി കുന്നുംപുറം.
114 തീയേറ്ററുകളിൽ നല്ല രീതിയിൽ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമയാണ് വെള്ളം. അതിനെ നശിപ്പിക്കാൻ ഒരു കൂട്ടം ആൾക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയെ നശിപ്പിച്ച് കഴിഞ്ഞു. ഇനി ഇതിന് തിരിച്ച് വരാൻ സാധിക്കില്ല. യുട്യൂബിലാണ് സിനിമ ആദ്യം അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് സ്വദേശിയാണ് ഒറിജിനൽ പതിപ്പ് അപ്‌ലോഡ് ചെയ്‌തതെന്നും മുരളി കുന്നുംപുറം പറഞ്ഞു. പൊലീസിലും ക്രൈം ബ്രാഞ്ചിലും പരാതി നൽകിയിട്ടുണ്ട്. സിനിമ ഡൗൺലോഡ് ചെയ്‌തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും മുരളി കുന്നുംപുറം കണ്ണൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുരളി കുന്നുംപുറത്തിന്‍റെ തന്നെ ജീവിതകഥയെ ആസ്പദമാക്കിയാണ് വെള്ളം സിനിമ ഒരുക്കിയത്. ജയസൂര്യ നായകനായ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് പ്രജേഷ് സെന്നാണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ച സിനിമ കൂടിയാണിത്.