അനശ്വര രാജന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ സിനിമ വാങ്ക് ജനുവരി 29നാണ് തിയേറ്ററുകളിലെത്തിയത്. വാങ്ക് വിളിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന കോളജ് വിദ്യാര്‍ഥിനിയായ ഒരു മുസ്ലീം പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് വാങ്ക് എന്ന സിനിമ സഞ്ചരിക്കുന്നത്. കാവ്യ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷബ്‌ന മുഹമ്മദിന്‍റേതാണ് തിരക്കഥ. മലയാളത്തില്‍ ആദ്യമായാണ് രണ്ട് സ്ത്രീകള്‍ തിരക്കഥയും സംവിധാനം നിര്‍വഹിച്ച ഒരു സിനിമ വരുന്നത്. ഇപ്പോള്‍ തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, സൈജു കുറുപ്പ് സിനിമ ഗാര്‍ഡിയന്‍ തുടങ്ങിയവയാണ് നീ സ്ട്രീമിലൂടെ പ്രദര്‍ശനത്തിനെത്തിയ മറ്റ് മലയാള സിനിമകള്‍.
ഉണ്ണി.ആര്‍ വാങ്ക് എന്ന പേരില്‍ എഴുതിയ കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് വാങ്ക്. സംവിധായകന്‍ വി.കെ പ്രകാശിന്‍റെ മകളാണ് കാവ്യ. നേരത്തെ മൃദുല്‍ നായര്‍ സംവിധാനം ചെയ്‌ത ബി ടെക്ക് എന്ന സിനിമയില്‍ സഹസംവിധായികയായും നിരവധി പരസ്യ ചിത്രങ്ങളിലും കാവ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരതനാട്യ നര്‍ത്തകിയായ ഷബ്‌ന മുഹമ്മദ് അഭിനേത്രി കൂടിയാണ്. വാങ്ക് ഷബ്‌നയുടെ ആദ്യ തിരക്കഥയാണ്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്‍റെ ക്യാമറ ചെയ്‌തിരിക്കുന്നത്. 7 ജെ ഫിലിംസിന്‍റെയും ഷിമോഗ ക്രിയേഷന്‍സിന്‍റെയും ബാനറില്‍ സിറാജുദ്ദീനും ഷബീര്‍ പത്താനും ചേര്‍ന്നാണ് വാങ്ക് നിര്‍മിച്ചിരിക്കുന്നത്.