വലിയ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന തരത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് 'ഒറ്റ്'. 1996ൽ പുറത്തിറങ്ങിയ 'ദേവരാഗം' എന്ന സിനിമയ്ക്ക് ശേഷം 25 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മലയാള സിനിമയില്‍ അരവിന്ദ് സ്വാമി വീണ്ടും അഭിനയിക്കുന്നത്.
അരവിന്ദ് സ്വാമിക്ക് പുറമെ കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നുണ്ട്. കഴിഞ്ഞ ദിവസം അരവിന്ദ് സ്വാമിയുടെ അമ്പത്തിയൊന്നാം പിറന്നാളായിരുന്നു. അതിനാല്‍ ഒറ്റ് ടീം അരവിന്ദ് സ്വാമി പിറന്നാള്‍ സ്പെഷ്യലായി ഒറ്റിന്‍റെ പുത്തന്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു.
- " class="align-text-top noRightClick twitterSection" data="">
കുഞ്ചാക്കോ ബോബനാണ് താരത്തിന് പിറന്നാള്‍ ആശംസിച്ച് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഒറ്റ് ഒരേ സമയം തമിഴിലും മലയാളത്തിലും റിലീസ് ചെയ്യും. മലയാളത്തില്‍ സിനിമയ്‌ക്ക് ഒറ്റെന്നും തമിഴില്‍ രണ്ടകമെന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ അരവിന്ദ് സ്വാമിയെ കുറിച്ച് എഴുതിയത്
'ആകര്‍ഷകമായ വ്യക്തിത്വത്തിന് ഉടമയും കൂളുമായ അരവിന്ദ് സ്വാമി സാറിന് വളരെ സന്തോഷവും സുരക്ഷിതവുമായ ജന്മദിനം നേരുന്നു. സ്‌ക്രീൻ സ്‌പേസ് നിങ്ങളുമായി പങ്കിടുന്നത് ഒരു അംഗീകാരമാണ്. നമ്മുടെ സിനിമയുടെ ഷൂട്ട് പുനരാരംഭിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്.
ഒരു സഹനടന്‍ എന്നതിനേക്കാള്‍ നിങ്ങൾ എനിക്ക് ഒരു സുഹൃത്തും സഹോദരനും ഉപദേഷ്ടാവുമാണ്. ഒറ്റും രണ്ടകവും പ്രേക്ഷകരെ രസിപ്പിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. നിങ്ങളിൽ നിന്നുമുള്ള നിരവധി മികച്ച സിനിമകൾക്കായി.ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു....' ഒറ്റിന്‍റെ പുത്തന്‍ പോസ്റ്ററുകള്‍ പങ്കുവെച്ച് അരവിന്ദ് സ്വാമിക്കായി കുഞ്ചോക്കോ ബോബന്‍ കുറിച്ചു.
ഒറ്റിന്‍റെ അണിയറയില്‍
ഫെല്ലിനി ടി.പിയാണ് ഒറ്റ് സംവിധാനം ചെയ്യുന്നത്. 'തീവണ്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഫെല്ലിനി ടി.പി. നര്‍മവും കുടുംബ ബന്ധങ്ങളുടെ മനോഹാരിതയുമൊക്കെ ചേര്‍ന്ന ത്രില്ലര്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. എസ്.സജീവിന്‍റേതാണ് തിരക്കഥ. ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ആര്യയും ചേര്‍ന്നാണ് നിര്‍മാണം.
ഗോവ, മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. എ.എച്ച് കാഷിഫാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത്. കൊവിഡ് രണ്ടാം തരംഗം മൂലം ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് അനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കും.
Also read: 'കുടുക്ക്' പാട്ടിന് ഹോളിവുഡിലും ആരാധകര്‍, വീഡിയോയുമായി ജേര്‍ഡ് ലെറ്റോ
ദളപതിയിലൂടെ ആരംഭിച്ച സിനിമാ ജീവിതം
1991ൽ മണിരത്നം ഒരുക്കിയ ദളപതിയിലൂടെയാണ് അരവിന്ദ് സ്വാമി സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് റോജ എന്ന സിനിമയിലൂടെ അരവിന്ദ് സ്വാമി സൗത്ത് ഇന്ത്യയില്‍ പ്രശസ്തനായി. ഡാഡി, ബോംബെ, മിൻസാരകനവ്, ദേവരാഗം, എൻ ശ്വാസ കാട്രേ, കടൽ, തനി ഒരുവൻ, ബോഗൻ, ഭാസ്കർ ഒരു റാസ്കൽ, ചെക്ക ചിവന്ത വാനം തുടങ്ങിയ ഹിറ്റുകൾ താരം പേരിനൊപ്പം ചേർത്തുവെച്ചു.
സിനിമ മേഖലയില്‍ 30 വര്‍ഷക്കാലമായി തന്‍റെ സാന്നിധ്യം തുടരുന്ന താരം ഇപ്പോഴും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ സിനിമാസ്വാദകരുടെ മനം കവരുന്നു. തലൈവി, നരഗാസുരന്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ അരവിന്ദ് സ്വാമി ചിത്രങ്ങള്‍. തലൈവിയില്‍ എം.ജി.ആറായാണ് വേഷമിടുന്നത്.