തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 25-ാമത് പതിപ്പിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ചുരുളിയും ജയരാജ് ചിത്രം ഹാസ്യവും. മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം 'കോസ', അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്‌ത മറാത്തി ചിത്രമായ 'സ്ഥല്‍ പുരാണ്‍' എന്നിവയാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഇന്ത്യന്‍ സിനിമകള്‍.
ഗ്രാമവൃക്ഷത്തിലെ കുയില്‍, സീ യു സൂണ്‍, സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം, ലവ്, മ്യൂസിക്കല്‍ ചെയര്‍, അറ്റെന്‍ഷന്‍ പ്ളീസ്, വാങ്ക്, പക-ദ് റിവര്‍ ഓഫ് ബ്ലഡ്, തിങ്കളാഴ്ച്ച നിശ്ചയം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍, കയറ്റം എന്നീ ചിത്രങ്ങളാണ് മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൈല്‍ സ്റ്റോണ്‍/ മീല്‍ പത്തര്‍, നാസിര്‍, കുതിരവാല്‍, ദ ഡിസിപ്ള്‍, പിഗ്/ സേത്തുമാന്‍, പിങ്കി എല്ലി?, ലൈല ഔര്‍ സാത്ത് ഗീത് എന്നിവയാണ് ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവ. 1956- മധ്യതിരുവിതാംകൂര്‍, ബിരിയാണി, വാസന്തി, മയാര്‍ ജോന്‍ജാല്‍, ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ, അപ് അപ് ആന്‍റ് അപ് എന്നിവയാണ് കലൈഡോസ്കോപ്പ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍.
സംവിധായകന്‍ മോഹന്‍റെ നേതൃത്വത്തിലുള്ള എസ്.കുമാര്‍, പ്രദീപ് നായര്‍, പ്രീയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്‌ട് എന്നിവരടങ്ങുന്ന സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്. സണ്ണി ജോസഫിന്‍റെ നേതൃത്വത്തിലുള്ള നന്ദിനി രാംനാഥ്, ജയന്‍.കെ.ചെറിയാന്‍, പ്രദീപ് കുര്‍ബാ, പി.വി ഷാജികുമാര്‍ സമിതിയാണ് മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ തെരഞ്ഞെടുത്തത്. കമല്‍, ബീന പോള്‍, സിബി മലയില്‍, റസൂല്‍ പൂക്കുട്ടി, വി.കെ ജോസഫ്, സി.അജോയ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് കലൈഡോസ്കോപ്പ് വിഭാഗത്തിലേക്ക് സിനിമകള്‍ തെരഞ്ഞെടുത്തത്.