ഹാസ്യ താരം മാത്രമല്ല, മലയാളസിനിമയിലെ മികച്ച നടൻ കൂടിയായിരുന്നു മാളാ അരവിന്ദൻ. ശുദ്ധഹാസ്യത്തിന്‍റെ നേർമുഖമായ മാള വിടവാങ്ങിയിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. നീട്ടിയും കുറുക്കിയും അൽപം ഗൗരവത്തോടെ തമാശ പറഞ്ഞും നാൽപത് വർഷത്തോളം മലയാളത്തിൽ അരങ്ങുവാണ ഹാസ്യനടൻ വേർപിരിഞ്ഞത് 2015 ജനുവരി 28നായിരുന്നു.
താനാട്ട് അയ്യപ്പന്‍റെയും പൊന്നമ്മയുടെയും മകനായി 1940 ജനുവരി 15ന് എറണാകുളം ജില്ലയിലെ വടവുകോടാണ് മാളാ അരവിന്ദന്‍റെ ജനനം. അച്ഛന്‍റെ മരണശേഷം അമ്മയുടെ ജോലിക്കായി തൃശ്ശൂരിലെ മാളയില്‍ വന്നു താമസമാക്കി. ഇതിനു ശേഷമാണ് അദ്ദേഹം മാള അരവിന്ദന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. തുടക്കത്തിൽ നാടകങ്ങളിലെ തബലിസ്റ്റായിരുന്ന മാള പിന്നീട് നാടകങ്ങളിലെ അഭിനയത്തിലും പ്രവേശിച്ചു. 15 വർഷത്തെ നാടകജീവിതത്തിന് ശേഷം 'തളിരുകൾ' എന്ന ചിത്രത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ചു. എന്നാൽ 1968ൽ ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്‌ത സിന്ദൂരമാണ് അദ്ദേഹത്തിന്‍റെ ആദ്യം തിയേറ്ററിലെത്തിയ സിനിമ. എസ്.പി.പിള്ള, അടൂര്‍ഭാസി, ബഹദൂര്‍ എന്ന ഹാസ്യത്രയത്തിന് ശേഷം മലയാളസിനിമയുടെ അടുത്ത കാലഘട്ടത്തിലെ ത്രയങ്ങളിലൊരാളായി ജഗതിക്കും പപ്പുവിനുമൊപ്പെ മാളയും എത്തി.
അറുപതുകൾ മുതൽ രണ്ടായിരം വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 650ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മിമിക്‌സ് പരേഡ്, കന്മദം, അഗ്നിദേവന്‍, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മുക്കുത്തി, വെങ്കലം, നെല്ലിക്ക, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഭൂതക്കണ്ണാടി, അഞ്ചരക്കല്യാണം, ജൂനിയർ മാൻഡ്രേക്ക്, കുടമാറ്റം, ജോക്കര്‍, മീശമാധവൻ, ഗോഡ് ഫോർ സെയിൽ, താപ്പാന, വേനൽമരം, മുല്ല, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയവ മാളയുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളുള്ള ഏതാനും സിനിമകളാണ്. പ്രേംനസീനൊപ്പവും മമ്മൂട്ടി, മോഹൻലാൽ തുടർന്ന് ദിലീപ്, ജയസൂര്യ തുടങ്ങിയ യുവനടന്മാർക്കൊപ്പവും അഭിനയിച്ച മാള മൂന്ന് കാലഘട്ടത്തിൽ മലയാളസിനിമക്കൊപ്പമുണ്ടായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്‍റെ മരണം. മാളയുടെ മരണശേഷം റിലീസ് ചെയ്‌ത ചിത്രങ്ങളാണ് കാൽച്ചിലമ്പ്, നൂൽപാലം തുടങ്ങിയവ. തരികിട കഥാപാത്രങ്ങളിലും ഗുണ്ടായിസത്തിലും നർമം കലർത്തി സ്വതസിദ്ധമായ ശൈലിയിൽ തിളങ്ങിയ മാളാ അരവിന്ദൻ മലയാളിക്കിന്നും പകരം വക്കാനാവാത്ത പ്രതിഭയാണ്.