മലയാളികളുടെ പ്രിയ നടി സുരഭി ലക്ഷ്മി പുതുവത്സര ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ കളിക്കൂട്ടുകാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിന്‍റെ സന്തോഷമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരന്‍ ശ്രീയേഷാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവിയായി മാറിയത്. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശ്രീദേവിയുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി സുഹൃത്തിനൊപ്പം നില്‍ക്കാന്‍ തനിക്ക് സാധിച്ച് എന്നതാണ് ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും വലിയ സന്തോഷമെന്നും സുരഭി ലക്ഷ്മി കുറിച്ചു.
'പെണ്ണിന്‍റെ മനസോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ട് കൊണ്ട് എന്‍റെ പ്രിയ കളിക്കൂട്ടുകാരന്‍... ശ്രീയേഷ് ശ്രീദേവിയായി മാറിയിരിക്കുന്നു. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയില്‍ ആയിരുന്നു ശസ്ത്രക്രിയ. ഡോ.സന്ദീപ് സാറിനും മറ്റ് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി... വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്‍റെ ഏറ്റവും വലിയ സന്തോഷം. ആണ്‍കുട്ടി പെണ്‍കുട്ടിയായി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല... പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്. എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു 'സ്ത്രീ'യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും.… ആശംസകള്‍ ശ്രീദേവി… നിന്‍റെ ഇഷ്ടത്തിന്... ആഗ്രഹങ്ങള്‍ക്ക്... സ്വപ്നങ്ങള്‍ക്ക്... അതിലെല്ലാമുപരി നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്‍റെ അവകാശത്തിന്…ഒപ്പം നില്‍ക്കുന്നു...' സുരഭി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സുരഭി 64 ആം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു. മിന്നാമിനുങ്ങിലെ പ്രകടനമായിരുന്നു പുരസ്കാരത്തിന് അര്‍ഹയാക്കിയത്.