കമലുവായും ക്ലാരയായും മോഹിനിയായും മായയായും മലയാളത്തിൽ ചിരി പടർത്തിയ പ്രിയനടി. അമ്പിളിച്ചേട്ടൻ ഹാസ്യ സാമ്രാട്ടായപ്പോൾ രാജ്ഞിയായി അരങ്ങുവാണത് കൽപനയായിരുന്നു. മലയാളത്തിന് നഷ്‌ടപ്പെട്ട ചിരി, കൽപന വിട പറഞ്ഞിട്ട് ഇന്ന് നാലു വർഷം തികയുകയാണ്.
നാടക പ്രവര്‍ത്തകരായ ചവറ വി.പി നായരുടെയും വിജയലക്ഷ്‌മിയുടെയും മകളായി 1965 ഒക്‌ടോബർ പതിമൂന്നിന് ജനനം. വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയിലെത്തി. എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ കൽപന സജീവമായി. അരവിന്ദന്‍റെ പോക്കുവെയിലിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. മികച്ച സ്വഭാവ വേഷങ്ങളിലൂടെയും പ്രതിഭ തെളിയിച്ച നടിയുടെ ഹാസ്യ വേഷങ്ങളായിരുന്നു മലയാളിക്ക് ഏറെ പ്രിയങ്കരമായത്.
ജഗതി ശ്രീകുമാറിനൊപ്പവും ഇന്നസെന്‍റിനൊപ്പവും ജഗദീഷിനൊപ്പവും ഹരിശ്രീ അശോകനൊപ്പവും കൽപനയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചെങ്കിലും ജഗതിക്കൊപ്പമുള്ള കോമ്പോ കൂടുതൽ മികച്ചുനിന്നു. ഭാഗ്യരാജിന്‍റെ ചിന്ന വീടിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച മലയാളിയുടെ കൽപനചേച്ചി തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മുന്നോറോളം സിനിമകളില്‍ അഭിനയിച്ചു.
ഗാന്ധര്‍വ്വത്തിലെ കൊട്ടാരക്കര കോമളം, ഡോക്‌ടര്‍ പശുപതിയിലെ യു.ഡി.സി, സി.ഐ.ഡി ഉണ്ണിക്കൃഷ്ണന്‍ ബി.എ.ബി.എഡിലെ വേലക്കാരിയായ ക്ലാര, പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, ഇഷ്‌ടത്തിലെ മറിയാമ്മാ തോമസ്, സ്പിരിറ്റിലെ പങ്കജം, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനി, കൗതുക വാര്‍ത്തകളിലെ കമലു, കാവടിയാട്ടത്തിലെ ഡോളി, കാബൂളിവാലയിലെ ചന്ദ്രിക, ബാംഗ്ലൂര്‍ ഡെയ്‌സിലെ കുട്ടന്‍റെ അമ്മ, മിസ്റ്റർ ബ്രഹ്മചാരിയിലെ അനസൂയ തുടങ്ങിയ കൽപനയുടെ അനശ്വര കഥാപാത്രങ്ങൾ മലയാളിക്ക് ഇന്നും നികത്താനാകാത്ത അഭിനേത്രിയുടെ അടയാളം കൂടിയാണ്.
തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കി. ഒടുവിൽ ചാർലിയുടെ ചുംബനം ഏറ്റുവാങ്ങി ആ സിനിമയിൽ നിന്നും മേരി വിടവാങ്ങുമ്പോൾ അത് കൽപനയുടെ അവസാന ചിത്രം കൂടിയാകുകയായിരുന്നു. 2016 ജനുവരി മാസം ഹൈദരാബാദിൽ വച്ച് ഹൃദയാഘാതം മൂലം താരം ജീവിത്തിൽ നിന്ന് വിട പറഞ്ഞത് പ്രേക്ഷകർക്ക് ഇന്നും വിശ്വസിക്കാനാവാത്ത ഓർമയാണ്.