തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നിന് ജീവൻ കൊടുത്ത ശേഷം ആ കഥാപാത്രം പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമായി നിൽക്കുന്ന സമയത്ത് തന്നെ കാല യവനികക്കുള്ളിൽ മറയുക എന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്.... അത്തരത്തില്‍ ഒരു വേര്‍പാടായിരുന്നു മലയാളത്തിന്‍റെ ഹാസ്യ രാജ്ഞി നടി കല്‍പ്പനയുടേത്. ശുദ്ധഹാസ്യത്തിലൂടെ പ്രേക്ഷകന് നിറചിരി സമ്മാനിച്ച കല്‍പ്പനയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ച് വയസ്...
ഒരു അഭിനേത്രിയെ സംബന്ധിച്ചടത്തോളം ഹാസ്യരംഗമാണ് അഭിനയിച്ച് ഫലിപ്പിക്കാൻ ഏറ്റവും പ്രയാസമേറിയത്.... തന്‍റെ വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തിലെ നല്ലൊരു ഭാഗവും ഹാസ്യകഥാപാത്രങ്ങൾ മാത്രം അവതരിപ്പിച്ച് നമ്മുടെ മനസിൽ അതിവേഗം കയറിപ്പറ്റിയ കലാകാരിയാണ് കല്‍പ്പന. രസകരമായ കഥാപാത്രങ്ങളാൽ സമ്പന്നമായ കൽപ്പനയുടെ ആദ്യകാല കഥാപാത്രങ്ങൾ തൊണ്ണൂറുകളിലെ പ്രേക്ഷകരെ രസിപ്പിച്ചതിന് കയ്യും കണക്കുമില്ല.... ഡോ.പശുപതിയിലെ യുഡിസി കുമാരി, പൂക്കാലം വരവായിയിലെ ട്യൂഷന്‍ ടീച്ചര്‍, കാബൂളിവാലയിലെ ചന്ദ്രിക, ഗാന്ധര്‍വത്തിലെ കൊട്ടാരക്കര ഓമന, പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മ, സിഐഡി ഉണ്ണികൃഷ്ണനിലെ വീട്ടുജോലിക്കാരി ക്ലാര, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്തിലെ മെറ്റില്‍ഡ, ഇഷ്ടത്തിലെ മറിയാമ്മ തോമസ്, വെള്ളിത്തിരയിലെ പുഷ്പം, ബാംഗ്ലൂര്‍ ഡെയ്‌സിലെ കുട്ടന്‍റെ അമ്മ അങ്ങനെ എത്രയെത്രയോ കഥാപാത്രങ്ങള്‍.... എത്ര തവണ കണ്ടാലും വീണ്ടും കാണുമ്പോള്‍ അറിയാതെ പൊട്ടിച്ചിരി സമ്മാനിക്കുന്ന കഥാപാത്രങ്ങള്‍.... ഹാസ്യ സാമ്രാട്ട് ജഗതിയോടൊപ്പം ഹാസ്യം അവതരിപ്പിച്ച് കട്ടക്ക് നിന്ന് കസറിയിട്ടുള്ള നടി കൂടിയാണ് കല്‍പ്പന. ആലിബാബയും ആറര കള്ളന്മാരും, സിഐഡി ഉണ്ണികൃഷ്ണൻ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പൊരുത്തം തുടങ്ങിയ സിനിമകളിലെ ജഗതി-കല്‍പ്പന കോമ്പോ മറ്റൊരു താരജോഡിയെകൊണ്ടും ചെയ്‌ത് ഫലിപ്പിക്കാന്‍ സാധിക്കില്ല...
നര്‍മ്മം മാത്രമായിരുന്നില്ല കല്‍പ്പനയ്‌ക്ക് വഴങ്ങുക. സ്വാഭാവിക അഭിനയത്തിലൂടെ സീരിയസ് കഥാപാത്രങ്ങളും കൈയ്യടക്കത്തോടെ അവതരിപ്പിക്കുമായിരുന്നു കല്‍പ്പന... 2012ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പി എന്ന ചിത്രത്തില്‍ തിലകനോടൊപ്പം തന്നെ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമായിരുന്നു കല്‍പ്പനയുടെ മേരി... ദൈർഘ്യം കൊണ്ടായിരുന്നില്ല, കഥാപാത്രത്തിന്‍റെ ശക്തി കൊണ്ടും റിയലിസ്റ്റിക്കായ അഭിനയം കൊണ്ടും കൽപ്പനയിലെ മറ്റൊരു പ്രതിഭയെ കാണിച്ചു തന്നൂ ഇന്ത്യൻ റുപ്പി... പിന്നീട് സ്പിരിറ്റ്, തനിച്ചല്ല ഞാന്‍ തുടങ്ങിയ സിനിമകളിലെയും അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍.... കല്‍പ്പന ഏറ്റവും അവസാനമായി അഭിനയിച്ച സിനിമ മലയാളത്തില്‍ പുറത്തിറങ്ങിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ചാർളിയായിരുന്നു. സിനിമയിൽ കല്‍പ്പന അവതരിപ്പിച്ച മേരി എന്ന കഥാപാത്രം എല്ലാം കൊണ്ടും പ്രേക്ഷകരുടെ മനസിൽ തട്ടിയ കഥാപാത്രമായിരുന്നു. ആ സിനിമയിൽ എല്ലാവര്‍ക്കും സർപ്രൈസ് കൊടുക്കുന്ന ചാർളിക്ക് മരണം കൊണ്ട് സർപ്രൈസ് കൊടുത്തു കല്‍പ്പനയുടെ ക്വീൻ മേരി. അധികം ഡയലോഗുകൾ ഒന്നുമില്ലാത്ത... ദുഃഖം തളം കെട്ടി നിൽക്കുന്ന മുഖവുമായി കല്‍പ്പനയിലെ നടി ആ കഥാപാത്രത്തെ ഗംഭീരമാക്കി. ചാർളി സിനിമയുടെ വിജയ യാത്ര ഒരു മാസം തികച്ച വേളയിലാണ് ആ ചിത്രത്തിലെ ക്വീൻ മേരി ബോട്ടിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷയായത് പോലെ ഏവരെയും ഞെട്ടിച്ച് കൊണ്ട് ആ അനശ്വര നടി ഈ ലോകത്ത് നിന്നുതന്നെ യാത്രയായത്.
2016 ജനുവരി 25ന് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയിലെത്തിച്ചങ്കിലും അവിടെ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. ഹൃദയ, കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് കല്‍പ്പന അന്ന് ഹൈദരബാദിലെത്തിയത്. മരിക്കുമ്പോള്‍ 51 വയസായിരുന്നു പ്രായം. നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളായി 1965 ഒക്ടോബര്‍ അഞ്ചിന് ജനനം. ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച കല്‍പ്പന വിടരുന്ന മൊട്ടുകള്‍, ദ്വിഗ് വിജയം എന്നീ ചിത്രങ്ങളിലാണ് ആദ്യം വേഷമിട്ടത്. അരവിന്ദന്‍റെ പോക്കുവെയിലാണ് കല്‍പ്പനയിലെ നടിയെ അടയാളപ്പെടുത്തിയത്. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്ത് സാന്നിധ്യമറിയിച്ച കല്‍പ്പന സതി ലീലാവതി ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നഡയിലും, തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയ്‌ക്ക് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്. കല്‍പ്പനയുടെ ശുദ്ധ ഹാസ്യത്തില്‍ ചാലിച്ച ഭാവാഭിനയത്തിന്‍റെ എത്രയെത്ര അഭിനയ മുഹൂര്‍ത്തങ്ങളാണ് മരണമില്ലാതെ സിനിമാ ആസ്വാദകന്‍റെ മനസില്‍ ബാക്കി നില്‍ക്കുന്നത്..... മലയാളത്തിന്‍റെ പെണ്‍ചിരിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം....