നടൻ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു. രണ്ടാഴ്ച മുമ്പ് വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചേർത്തല ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
കെജി ജോർജ്ജിന്‍റെ മേള, ദൃശ്യം ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ താരമാണ് മേള രഘു. മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ ഒന്നായ മേളയിൽ ഗോവിന്ദൻകുട്ടി എന്ന കുള്ളൻ കോമാളിയിലൂടെ നായകവേഷമായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.
Also Read: ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കമല്‍ഹാസനും ഖുശ്‌ബുവും
സര്‍ക്കസ് കൂടാരത്തിനെ പശ്ചാത്തലമാക്കി ഒരുക്കിയ മേളയാണ് താരത്തിന്‍റെ അരങ്ങേറ്റ ചിത്രവും. സ്കൂളിലും കോളജ് വിദ്യാഭ്യാസകാലത്തും നാടകത്തിലും മിമിക്രിയിലും സജീവമായിരുന്ന നടൻ പിന്നീട് മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും വേഷമിട്ടു. കമൽ ഹാസനൊപ്പം അഭിനയിച്ച അപൂർവ സഹോദരങ്ങൾ ഇവയിൽ പ്രധാന ചിത്രമാണ്. മുപ്പതിലേറെ ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച മേള രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹന്‍ലാലിന്‍റെ ദൃശ്യം 2വിലാണ്. ദൃശ്യം ചിത്രത്തിന്‍റെ ആദ്യഭാഗത്തിലും താരത്തിന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.