മലയാള സിനിമയില്‍ ശുദ്ധഹാസ്യം പറഞ്ഞ് ആരാധകരെ സമ്പാദിച്ച സിനിമാപ്രേമികളുടെ സ്വന്തം ഇന്നസെന്‍റ് കഴിഞ്ഞ ദിവസം എഴുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ ഭാര്യ ആലീസിനും മക്കള്‍ക്കുമൊപ്പം ആഘോഷങ്ങളില്ലാതെ നടന്ന പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്നസെന്‍റ്.
1948 ഫെബ്രുവരി 28ന് തെക്കേത്തല വറീതിന്‍റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസെന്‍റ് സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറുകയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയും ചെയ്തു. ഇതിനിടെ 'നെല്ല്' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്തു. ഇടയില്‍ ടൈഫോയിഡ് ബാധിച്ച താരം സിനിമയോട് തല്‍ക്കാലത്തേക്ക് വിട പറഞ്ഞ് ബിസിനസിലേക്ക് ഇറങ്ങി. അക്കാലത്ത് ഏതാനും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. സഹോദരങ്ങളെല്ലാം നല്ല രീതിയില്‍ പഠിച്ച് ഡോക്ടര്‍, വക്കീല്‍, ജഡ്ജ് എന്നിങ്ങനെ വിവിധ കരിയറുകള്‍ തെരഞ്ഞെടുത്തപ്പോള്‍ പഠനത്തില്‍ പിന്നോക്കമായിരുന്നു ഇന്നസെന്‍റ്. ഇക്കാര്യത്തെ ചൊല്ലി പിതാവ് വറീതുമായി ചില അഭിപ്രായ വ്യത്യാസങ്ങളും ആദ്യകാലത്തുണ്ടായിരുന്നു. തുടര്‍ന്ന് 1970കളില്‍ ഇന്നസെന്‍റ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും അക്കാലത്ത് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന്‍ മോഹന്‍ മുഖേനയാണ് പിന്നീട് ഇന്നസെന്‍റ് സിനിമാമേഖലയിലേക്ക് എത്തിപ്പെടുന്നത്. 1972ല്‍ പുറത്തിറങ്ങിയ 'നൃത്തശാല'യാണ് ഇന്നസെന്‍റിന്‍റെ ആദ്യചിത്രം.
ഹാസ്യ കഥാപാത്രങ്ങള്‍ക്കൊപ്പം സീരിയസ് കഥാപാത്രങ്ങളും മികവോടെ അവതരിപ്പിച്ചു തുടങ്ങിയതോടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ഇന്നസെന്‍റ് മാറുകയായിരുന്നു. 500ല്‍ ഏറെ മലയാള സിനിമകളില്‍ ഇതിനകം ഈ നടന്‍ അഭിനയിച്ചു കഴിഞ്ഞു. മലയാള ചലച്ചിത്ര അഭിനേതാക്കളായ അമ്മ സംഘടനയുടെ പ്രസിഡന്‍റ് ആയി 12 വര്‍ഷത്തോളമാണ് ഇന്നസെന്‍റ് സേവനം അനുഷ്ഠിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്‍റെ പ്രതിനിധിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ടയ്ക്ക് അര്‍ബുദരോഗം ബാധിച്ച ഇന്നസെന്‍റ് അക്കാലത്തെ അനുഭവങ്ങള്‍ പശ്ചാത്തലമാക്കി കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ചിരിക്കു പിന്നില്‍' എന്നൊരു ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു. സുനാമിയാണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ഇന്നസെന്‍റ് സിനിമ.