എറണാകുളം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാര ജൂറി ചെയര്‍മാനായി പ്രശസ്ത ഛായാഗ്രഹകന്‍ മധു അമ്പാട്ടിനെ തെരഞ്ഞെടുത്തു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചതായി അക്കാദമി ചെയർമാന്‍ കമൽ അറിയിച്ചു.
കൊവിഡ് പ്രോട്ടോക്കോളുകളും മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ട് ജൂറി അംഗങ്ങൾക്ക് തിരുവനന്തപുരത്ത് സിനിമകൾ കാണാനുള്ള മതിയായ നടപടികൾ സ്വീകരിക്കാൻ മന്ത്രി എ.കെ ബാലനും നിർദേശം നല്‍കി. ഈ വർഷം ജൂറിയുടെ തലവനായി നിയമിക്കപ്പെട്ടിട്ടുള്ള ഛായാഗ്രാഹകൻ മധു അമ്പാട്ട് ഇപ്പോൾ ഹോം ക്വാറന്‍റൈനില്‍ കഴിയുകയാണ്. അതിനുശേഷം ഈ മാസം അവസാനത്തോടെ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങുമെന്നും അർഹരായവർക്ക് അവാർഡുകൾ നൽകാൻ താൻ പരിശ്രമിക്കുമെന്നും മധു അമ്പാട്ട് പറഞ്ഞു. തന്‍റെ വിധിയും തീരുമാനങ്ങളും ന്യായവും നിഷ്‌പക്ഷവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.