മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ രണ്ടുപേരായ സുരാജ് വെഞ്ഞാറമൂടും മഞ്ജുവാര്യരും ഒരുമിച്ചെത്തുന്നു. സാഹിത്യകാരന്‍ എം.മുകുന്ദന്‍റെ ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ എന്ന കഥയെ ആസ്പദമാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് സ്ക്രീന്‍ പങ്കിടുക. സുരാജ് വെഞ്ഞാറമൂടും മഞ്ജുവാര്യരും ഭാര്യയും ഭര്‍ത്താവുമായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
സജീവൻ എന്ന ഓട്ടോത്തൊഴിലാളിയായിട്ടാകും സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുക. സജീവന്‍റെ ഭാര്യയായ രാധികയായി മഞ്ജു വാര്യരും അഭിനയിക്കുന്നു. അലസനായ ആളാണ് നായകനായ സജീവൻ. കടം വാങ്ങിയും പണിയെടുക്കാൻ മടിച്ചും നില്‍ക്കുന്ന സജീവനില്‍ നിന്ന് ഓട്ടോ ഏറ്റെടുത്ത് രാധിക ഓടിക്കുന്നതാണ് കഥയുടെ പ്രമേയം.
കഥ സിനിമയാകുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം പ്രഖ്യാപിച്ചതോടെ ആരാധകരും ആകാംഷയിലാണ്.