കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതസ്വരം... പ്രണയവും വിരഹവും വേദനയും ഭാവതീവ്രതയോടെ പാട്ടിലേക്ക് കൊണ്ടുവരുന്ന ആലാപനസൗകുമാര്യം... ശ്രോതാക്കളിലേക്ക് മധുരവർഷം പോലെ വരികൾ പെയ്‌തിറങ്ങുന്ന അനുഭവം... ഭാവഗായകനായും ദേവഗായകനായും സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ശബ്‌ദമാധുര്യം, പി ജയചന്ദ്രൻ. ഇന്ന് മലയാളത്തിന്‍റെ പ്രിയപ്പെട്ട പാട്ടുകാരന്‍റെ 77-ാം ജന്മദിനം.

"ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ എന്നോമൽ ഉറക്കമായ് ഉണർത്തരുതേ..." ജയചന്ദ്രഗീതം ശ്രവിക്കുമ്പോൾ പ്രപഞ്ചം മുഴുവൻ ഭാവഗായകന്‍റെ സ്വരത്തിലേക്ക് ലയിക്കുന്നതായി തോന്നും.
പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പി. ജയചന്ദ്രന്‍ 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജനിച്ചത് . സംഗീതജ്ഞനായ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്‍റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകൻ. നന്നേ ചെറുപ്പത്തിലെ ഗായകന്‍റെ സംഗീതവാസനക്ക് അംഗീകാരങ്ങൾ ലഭിച്ചിരുന്നു. സ്കൂൾ യുവജനോത്സവങ്ങളിലും മത്സരങ്ങളിലും ആലാപനത്തിനും മൃദംഗവാദനത്തിനും സമ്മാനങ്ങൾ ലഭിച്ചു. കഥകളി, മൃദംഗം, ചെണ്ട, പൂരം, പാഠകം, ചാക്യാര്‍കൂത്ത് എല്ലാത്തിലും ജയചന്ദ്രൻ അഭിരുചി തെളിയിച്ചു.

യേശുദാസിന്‍റെ സുഹൃത്തായിരുന്നു ജയചന്ദ്രന്‍റെ ജേഷ്ഠൻ സുധാകരൻ. അദ്ദേഹം വഴി ജയചന്ദ്രൻ ചലച്ചിത്ര പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചു. ആദ്യമായി പാടിയത് കുഞ്ഞാലിമരയ്ക്കാര്‍ ചിത്രത്തിലായിരുന്നു. എന്നാൽ, സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് കളിത്തോഴൻ ചിത്രത്തിലെ ഗാനമാണ് ശ്രോതാക്കളിലെത്തിയത്. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു... എന്ന ഗാനം ആലപിക്കാന്‍ യേശുദാസിനെ ആയിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഗാനമേളയിൽ ജയചന്ദ്രൻ പാടിയ പാട്ടുകള്‍ കേട്ട സംവിധായകന്‍ എ വിന്‍സെന്‍റ് ഒരു നിയോഗമെന്ന പോലെ ഗായകനെ ദേവരാജൻ മാസ്റ്ററിന് പരിചയപ്പെടുത്തി.. ശരിക്കും പറഞ്ഞാൽ ജയചന്ദ്രന് വേണ്ടി സൃഷ്‌ടിക്കപ്പെട്ട ഗാനം.

ഗാനം ആലപിക്കുകയല്ല, ഭാവം ആലപിക്കുകയായിരുന്നു ജയചന്ദ്രൻ. സുപ്രഭാതം പാടിയുണര്‍ത്താന്‍ ജയേട്ടനെയും ഹരിവരാസനം പാടിയുറക്കാന്‍ ദാസേട്ടനെയും കിട്ടിയെന്ന് മലയാളികൾ അഹങ്കരിച്ചത് നീലഗിരിയുടെ സഖികളെയും ജ്വാലമുഖികളെയും ഗായകൻ അഭിസംബോധന ചെയ്‌തപ്പോഴായിരുന്നു. പണിതീരാത്തവീട് എന്ന ചിത്രത്തിലെ 'സുപ്രഭാതം' ഗാനത്തിലൂടെ ജയചന്ദ്രന് ആദ്യ സംസ്ഥാന പുരസ്കാരം. പിന്നീട്, രാഗം ശ്രീരാഗം.. നിറം സിനിമയിലെ പ്രായം നമ്മില്‍ മോഹം നല്‍കി... തിളക്കത്തിലെ നീയൊരു പുഴയായ്... ഗാനങ്ങളിലൂടെയും അനായാസമായ ആലാപനത്തിന് കേരള സർക്കാർ മികച്ച ഗായകനെന്ന അംഗീകാരം നൽകി. ശിവശങ്കര സര്‍വ്വ ശരണ്യ വിഭോ... ശ്രീനാരായണഗുരു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാര ജേതാവായി.
എ.ആർ റഹ്മാൻ തന്‍റെ ഒമ്പതാം വയസിൽ സംഗീതം ചെയ്ത ഗാനം ആലപിച്ചത് ജയചന്ദ്രനാണ്. റഹ്മാന്‍റെ ആദ്യഗാനമെന്ന് പറയാം. 1975ൽ പുറത്തിറങ്ങിയ പെൺപട എന്ന ചിത്രത്തിൽ ആർ.കെ ശേഖറിനൊപ്പം മകൻ ദിലീപുമുണ്ടായിരുന്നു. ചിത്രത്തിലെ 'വെള്ളിത്തേൻ കിണ്ണം പോൽ' ഗാനം അന്ന് ദിലീപെന്ന് വിളിച്ചിരുന്ന റഹ്മാന്‍റെ ഈണമായിരുന്നുവെന്ന് ഗാനരചയിതാവ് ഭരണിക്കാവ് ശ്രീകുമാർ പിന്നീട് പറഞ്ഞിട്ടുണ്ട്. ഗാനഗന്ധർവന്‍റെ ഗാനങ്ങളിൽ സംഗീതലോകം അഭിരമിച്ചുനിൽക്കുമ്പോഴാണ് പി. ജയചന്ദ്രന്‍റെ വളർച്ചയെന്നതും ഭാവഗായകന്‍റെ അഭേദ്യമായ ആലാപനത്തെ വെളിപ്പെടുത്തുന്നു.
നിന്‍റെ നീല വാർമുടിച്ചുരുളിന്‍റെ അറ്റത്ത്, അറിയാതെ അറിയാതെ, തരുമോ തരുമോ താരാപഥമേ, നനയും നിൻ മിഴിയോരം, പൂവേ പൂവേ പാലപ്പൂവേ, കണ്ണിൽ കാശിത്തുമ്പകൾ, പൊടിമീശ മുളക്കണകാലം, പ്രേമിക്കുമ്പോൾ നീയും ഞാനും, ഓലേഞ്ഞാലിക്കുരിവീ.... പാടുന്ന എല്ലാ പാട്ടുകളും ഹിറ്റാക്കുന്ന മാന്ത്രികതയുണ്ട് ജയചന്ദ്രന്‍റെ സംഗീതത്തിൽ.

രാസാത്തി ഉന്നെ കാണാതെ, കാത്തിരുന്തു കാത്തിരുന്തു, മയങ്കിനേൻ സൊല്ല തയങ്കിനേൻ, താലാട്ടുതേ വാനം... തമിഴിലും കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍റെ സ്വരം കടന്നെത്തി ആസ്വാദക ഹൃദയത്തെ കീഴ്‌പ്പെടുത്തി. തമിഴിൽ നിന്നും കലൈമാമണി അവാര്‍ഡും മികച്ച പിന്നണിഗായകനുള്ള സംസ്ഥാന പുരസ്‌കാരവും. സ്വരലയ കൈരളി പുരസ്കാരത്തിന്‍റെ പ്രഥമ പുരസ്‌കാര ജേതാവായ ജയചന്ദ്രൻ 2008ൽ എ.ആർ റഹ്മാനിലൂടെ ഹിന്ദി സിനിമയിലും പിന്നണി ഗാനം പാടി.
പിന്നണിഗായകനായി മാത്രമല്ല, മലയാളിക്ക് ജയേട്ടനെ പരിചയം. ഹരിഹരന്‍റെ നഖക്ഷതങ്ങളിൽ നായകൻ വിനീതിന്‍റെ സുഹൃത്ത് നമ്പൂതിരിയായി വേഷമിട്ട് പി. ജയചന്ദ്രൻ കാണികളെ വിസ്മയിപ്പിച്ചു. പിന്നീട്, കൃഷ്ണപ്പരുന്തിലും അഭിനേതാവായി അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു.
സംഗീതത്തിന് ഭാഷയില്ലെന്ന് ഭാവഗായകന്‍റെ ആയിരത്തിലധികമുള്ള ഗാനങ്ങൾ പരിശോധിച്ചാല്‍ വ്യക്തമാകും . തലമുറകളിൽ നിന്ന് തലമുറകളിലേക്ക് യുഗ്മഗാനങ്ങളുടെ രാജകുമാരന്‍റെ സംഗീതം പ്രവഹിക്കുന്നു.