തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണൻ പകര്‍ത്തി വച്ചത് മനസിന്‍റെ സിനിമകളാണ്. കാല്പനികതയുടെ ഒരു അംശം പോലുമില്ലാത്ത സിനിമകളുടെ സൃഷ്ടിപ്പ് ഇന്ത്യൻ സിനിമയ്ക്ക് ഒരു നവ്യാനുഭവമായി. നടപ്പ് രീതികള്‍ക്ക് വിധേയപ്പെടാതെ മനുഷ്യത്വത്തെ മുഖാമുഖം നോക്കി മലയാള ചലച്ചിത്ര ശാഖയ്ക്ക് ഒരു പുതിയ രീതിശാസ്ത്രം അടൂര്‍ നെയ്തു. അടൂര്‍ സിനിമകളുടെ അച്ചടക്കവും സൂക്ഷ്മതയും അങ്ങനെ ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതുമയായി. ആ പുതുമയെ ഗര്‍ഭം ധരിച്ച മനുഷ്യഭാവനയ്ക്ക് അനന്തരം എണ്‍പതാണ്ടിന്‍റെ പഴമയെത്തുന്നു.
പാഥേർ പാഞ്ചാലിയിലൂടെ ഇന്ത്യൻ സിനിമയെ സത്യജിത് റായ് ലോകസിനിമയിൽ എത്തിച്ചപ്പോൾ, ലോകസിനിമാ തറവാട്ടില്‍ മലയാളത്തിനായി ഇരിപ്പിടം ഒരുക്കുകയായിരുന്നു സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സ്വയംവരത്തിലൂടെയും എലിപ്പത്തായത്തിലൂടെയും വിധേയനിലൂടെയും വിശ്വസിനിമകൾക്കിടയിൽ മലയാളത്തിന്‍റെ കൊടിയേറ്റം സാധ്യമാക്കിയ ഇതിഹാസം. സത്യജിത് റായ്, മൃണാൾ സെൻ തുടങ്ങിയ പ്രതിഭാധനന്മാർക്കൊപ്പം ഇന്ത്യൻ സിനിമാ-സാംസ്‌കാരിക മേഖലയിൽ ശോഭിച്ച അടൂർ ഗോപാലകൃഷ്ണന്‍റെ കാലത്തിൽ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതും ഒരു സുകൃതമാണ്.
സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമാലോകത്തുനിന്നും ആഗോളപ്രശസ്തി കൈവരിച്ച പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. അടൂർ എന്നത് കേവലമൊരു സ്ഥലനാമമായി ചുരുങ്ങാകെ വിശ്വം തിരിച്ചറിഞ്ഞ പ്രതിഭയുടെ അപരനാമമായി മാറുകയായിരുന്നു. കഥയിലും അവതരണത്തിലും സിനിമ ജീർണിച്ചു കൊണ്ടിരിക്കുമ്പോൾ, സമാന്തരമായി അദ്ദേഹം പടുത്തുയർത്ത ഓരോ ചിത്രങ്ങളും അന്തർദേശീയ തലങ്ങളിൽ വരെ ശ്രദ്ധിക്കപ്പെട്ടു.
തിരുവിതാംകൂറിലെ മണ്ണടി എന്ന സ്ഥലത്ത് മേടയിൽ ബംഗ്ലാവിൽ മാധവൻ ഉണ്ണിത്താന്‍റെയും മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടേയും മകനായി 1941 ജൂലൈ മൂന്നിന് ജനിച്ചു. മൗട്ടത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നാണ് മുഴുവൻ പേര്. സ്കൂൾ വിദ്യാഭ്യാസകാലം മുതൽ നാടകരചനയിലും സംവിധാനത്തിലും തൽപരൻ. കലക്കൊപ്പം തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ധനതത്വശാസ്ത്രം, രാഷ്ട്രതന്ത്രം, പൊതുഭരണം എന്നീ വിഷയങ്ങളിൽ ബിരുദം കരസ്ഥമാക്കി. ദിണ്ടിഗലിൽ തന്നെ അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു.
നാടകത്തിലെ അഭിരുചിക്ക് മുൻതൂക്കം നൽകി 1962ൽ ജോലി രാജിവച്ച് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥാരചനയും സംവിധാനവും പഠിക്കാൻ ചേർന്നു. അവിടെ നിന്നും പിന്നീട് കേരളത്തിന്‍റെ സാംസ്‌കാരികമേഖലയിലേക്കുള്ള അടൂരിന്‍റെ സാന്നിധ്യം...
സിനിമയും നാടകവും വേറിട്ട കലാരൂപങ്ങളാണെന്ന് തിരിച്ചറിഞ്ഞ്, പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുഹൃത്തുക്കളുമായി ചേർന്ന് രൂപം നൽകിയ ചിത്രലേഖ ഫിലിം സൊസൈറ്റി ആൻഡ് ചലച്ചിത്ര സഹകരണ സംഘം പോലുള്ള പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹമാണ്.
ALso Read: സമാന്തര സിനിമകളുടെ കഥാകാരൻ; 79ന്‍റെ നിറവിൽ അടൂർ ഗോപാലകൃഷ്‌ണൻ
പിന്നീട്, ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ബാനറിൽ 1972ൽ അടൂർ ആദ്യചിത്രം സംവിധാനം ചെയ്‌തു. രണ്ട് ദേശീയ അവാർഡ് നേടിയ അടൂരിന്‍റെ പ്രഥമചിത്രം സ്വയംവരത്തിന് പിന്നാലെ കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, മതിലുകൾ, വിധേയൻ തുടങ്ങിയ ചിത്രങ്ങളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി.
അന്തർദേശീയ തലത്തിൽ വരെ ചർച്ചയാക്കപ്പെട്ട എലിപ്പത്തായം കാൻസ് ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ച ആദ്യത്തെ മലയാളചിത്രമായി. 1984ൽ പദ്മശ്രീയും 2006ൽ പദ്മവിഭൂഷണും 2004ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡുമുൾപ്പെടെയുള്ള ബഹുമതികളും അഴകേറ്റിയ അടൂരിന്‍റെ നിറവുറ്റ ജീവിതം എൺപതു തികയ്ക്കുമ്പോൾ ലോക സിനിമയ്ക്ക് അദ്ദേഹത്തിന്‍റെ സംഭാവന പതിമൂന്ന് ഫീച്ചർ ഫിലിമുകളും നിരവധി ഡോക്കുമെന്‍ററികളുമാണ്.
1972 ലെ സ്വയംവരം മുതൽ 2016 ലെ പിന്നെയും വരെ കാലഘട്ടത്തെ അടയാളപ്പെടുത്തിയ ദൃശ്യകാവ്യങ്ങൾ. കൊടിയേറ്റത്തിലൂടെയും എലിപ്പത്തായത്തിലൂടെയും മലയാളത്തിലെ മികച്ച ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ, മുഖാമുഖം അടൂരിന് സമ്മാനിച്ചത് മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും മലയാളത്തിലെ മികച്ച ചിത്രത്തിനുമുള്ള ദേശീയ അവാർഡുകൾ.
17 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 17 കേരള സംസ്ഥാന സിനിമാ പുരസ്കാരങ്ങളുമടക്കം ദേശീയ-അന്തർദേശീയ തലങ്ങളിലെ അദ്ദേഹത്തിന്‍റെ നേട്ടങ്ങൾ മലയാളത്തിന്‍റെ അഭിമാനനിമിഷങ്ങൾ കൂടിയാണ്. കേരള സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും അടൂരിന് ബഹുമാനാർഥം ഡോക്റ്ററേറ്റ് നൽകി. കേരള സാഹിത്യ അക്കാദമിയുടേത് അടക്കമുള്ള സാഹിത്യ പുരസ്കാരങ്ങൾക്കും അർഹനായി.
രാജ്യത്തെ മികച്ച അഭിനേതാക്കൾ അടൂരിന്‍റെ സിനിമയിൽ അവസരം തേടി കാത്തുനിൽക്കുമ്പോഴും ഒരു നടന്‍റെ പെരുമയിലല്ലാതെ ഏതു നടനെയും തന്‍റെ സിനിമയിലൂടെ മികച്ച സൃഷ്ടിയുടെ ഭാഗമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. അതിനാൽ തന്നെ വാണിജ്യ സിനിമകളോട് മുഖം തിരിച്ചു നിന്ന അടൂർ, കലാമൂല്യമുള്ള സമാന്തര സിനിമകളുടെ വക്താവായി.
സിനിമയുടെ ഭാഷ എന്താവണമെന്ന വ്യക്തമായ കാഴ്ചപ്പാടാണ് അടൂർ ലോകസിനിമയോട് പങ്കുവെച്ചത്. ഗൗരവമേറിയ സിനിമാ ചർച്ചകളിലെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ പലതും വിവാദമാവുകയും ചെയ്തു.
അഞ്ചു പതിറ്റാണ്ടു നീളുന്ന സിനിമാ ജീവിതം അക്കാദമിക് സിനിമയ്ക്ക് പാഠപുസ്തകമായി സമ്മാനിച്ച് അടൂർ ഗോപാലകൃഷ്ണൻ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമിക്കുകയാണ്. പിറന്നാൾ ആഘോഷങ്ങളില്ലാതെ....