'36 വർഷങ്ങൾ, 300ലധികം ടിപ് ഓഫ്സ്, 1000ലധികം യാത്രകൾ, എല്ലാം ഒരാള്‍ക്കായി, സുകുമാര കുറുപ്പ്'. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിനെ തിരശ്ശീലയിലേക്ക് പകർത്തുന്ന 'കുറുപ്പി'ന്‍റെ ടീസറിന് മികച്ച പ്രതികരണം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പതിനെട്ട് മണിക്കൂറിനുള്ളിൽ 2 മില്യണിലേറെ കാഴ്ച പിന്നിട്ടു. ദുൽഖറിന്‍റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ദുൽഖറിന്‍റെ വേഫെറർ ഫിലിംസും എം സ്റ്റാർ എന്‍റർടെയ്‌ൻമെന്‍റ്‌സും ചേർന്നാണ് 35 കോടി ചെലവിൽ കുറുപ്പ് നിർമിച്ചിരിക്കുന്നത്.
ദുൽഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധൂലിപാല, സണ്ണി വെയ്ൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഡാനിയൽ സയൂജ് നായരും കെ.എസ് അരവിന്ദും ചേർന്ന് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നു. ദുൽഖറിന്‍റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. സുഷിൻ ശ്യാമാണ് കുറുപ്പിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് വിവേക് ഹർഷൻ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ക്യാമറാമാൻ നിമിഷ് രവിയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലായി കുറുപ്പ് പുറത്തിറങ്ങും.കൊവിഡ് കാരണം റിലീസ് വൈകിയ സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾ വൻതുക ഓഫർ ചെയ്‌തിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത്.