ലോക് ഡൗണിലായതോടെ പലർക്കും ഇത് കുടുംബത്തോടൊപ്പം പങ്കുചേരാനുള്ള അവസരവും പഴയകാല ചിത്രങ്ങൾ പൊടിതട്ടിയെടുക്കാനുള്ള സമയവുമൊക്കെയാണ്. ഇത്തരത്തിൽ പഴയ ഫോട്ടോകൾ കുത്തിപ്പൊക്കുന്ന ആവേശമാണ് സമൂഹ മാധ്യമങ്ങളിലും നിറയുന്നത്. താരങ്ങളും സമയംകൊല്ലിയായി കുത്തിപ്പൊക്കലുകളിൽ പങ്കുചേരുന്നുണ്ടെങ്കിലും ആരാധകർ വമ്പിച്ച സ്വീകരണം നൽകിയത് നടൻ കൃഷ്‌ണകുമാറിന്‍റെയും ഭാര്യയുടെയും ഒരു പഴയകാല ചിത്രത്തിനാണ്. കല്ല്യാണത്തിന് ശേഷം ബാങ്ക് ആവശ്യത്തിനായി എടുത്ത ഇരുവരും ഒരുമിച്ചുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ. "കിച്ചുവാണ് പഴയ ബാങ്ക് പാസ്ബുക്കിലുണ്ടായിരുന്ന ഞങ്ങളുടെ ചിത്രം കണ്ടുപിടിച്ചെടുത്തത്. കല്യാണശേഷം ഞങ്ങളാദ്യം ആരംഭിച്ച ജോയിന്‍റ് അക്കൗണ്ടിനു വേണ്ടിയായിരുന്നു ഈ ഫോട്ടോ. എന്‍റെ സ്വർണം ലോക്കറിൽ സൂക്ഷിക്കാനായി തുടങ്ങിയ അക്കൗണ്ട്. ഇതിൽ തമാശ എന്തെന്നാൽ, എനിക്ക് കുറച്ച് പൊക്കം തോന്നാനായി സ്റ്റുഡിയോക്കാരൻ കുറച്ച് പുസ്‌തകങ്ങൾ കസേരക്ക് മുകളിൽ വച്ചു. അങ്ങനെ എനിക്ക് പൊക്കം വച്ചു. ഇത് ഞങ്ങൾ അവസാനമായി എടുത്ത ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളിൽ ഒന്നു കൂടിയാണ്," താരപത്‌നി സിന്ധു കൃഷ്‌ണ ചിത്രത്തിനൊപ്പം കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
എന്നാൽ, ചിത്രത്തിന് ആരാധകർ നൽകുന്ന മറുപടി അന്നത്തെ സിന്ധുവിനെ കണ്ടാൽ അഹാനയെന്ന് പറയും എന്നാണ്. മകളെ പോലെ അമ്മയും വളരെ സുന്ദരിയാണെന്നും അഹാനയേക്കാൾ ഇഷാനിക്കാണ് അമ്മയുടെ ഛായ കിട്ടിയതെന്നുമാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. മലയാളിക്ക് വളരെ പ്രിയങ്കരമായ കൃഷ്‌ണ കുമാറിന്‍റെ കുടുംബത്തിൽ നിന്നും അഹാന മാത്രമല്ല, ലൂക്കയിലൂടെ മകൾ ഹൻസികയും വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഇഷാനിയുമൊക്കെ അഭിനയരംഗത്തേക്ക് ചുവടുവച്ചു കഴിഞ്ഞു.