മലയാള സിനിമയുടെ കഥകളെയും കഥാപരിസരങ്ങളെയും കാഴ്‌ചകൾകൊണ്ട് സമ്പുഷ്‌ടമാക്കിയ സംവിധായകന്‍ കെ.ജി ജോർജിന്‍റെ സിനിമാ ജീവിതം പ്രമേയമാകുന്ന '8 1/2 ഇന്‍റര്‍കട്ട്‌സ്' എന്ന ഡോക്യുമെന്‍ററിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 22 മുതല്‍ നീ സ്ട്രീമെന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഡോക്യുമെന്‍ററി സ്ട്രീം ചെയ്‌ത് തുടങ്ങും. നേരത്തെ ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 2017ലെ കൊച്ചി ബിനാലെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഈ സിനിമ പിന്നീട് ഗോവയിലെ ഐഎഫ്എഫ്ഐ പനോരമയിലും കേരള ചലച്ചിത്ര അക്കാദമിയുടെ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.
ഒരു മണിക്കൂര്‍ അമ്പത് മിനിറ്റ് നീളമുള്ള ഈ ഡോക്യുമെന്‍ററിയില്‍ കെ.ജി ജോര്‍ജിന്‍റെ കലയും ജീവിതവും വിശദ അന്വേഷണത്തിനും നിരീക്ഷണത്തിനും വിധേയമാകുന്നുണ്ട്. ലിജിന്‍ ജോസാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്. ഷിബു.ജി.സുശീലന്‍, ലിജിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബി.അജിത് കുമാറാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.