എറണാകുളം: തിയേറ്റർ തുറന്നു പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ സിനിമ റിലീസുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകളുടെ തീരുമാനം ഇന്ന്. തിയേറ്ററുകൾ പ്രവർത്തനമാരംഭിക്കാൻ അനുമതിയുണ്ടെങ്കിലും ഇന്ന് തുറക്കില്ല. ഇതിന്‍റെ തുടര്‍നടപടികൾ ആലോചിക്കാനാണ് യോഗം ചേരുന്നത്. കൊച്ചിയിൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ യോഗത്തിന് ശേഷം ഇന്ന് വൈകിട്ട് നാല് മണിയോടെ തീരുമാനമറിയിക്കും.
കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ പത്തു മാസമായി അടഞ്ഞുകിടന്ന തിയേറ്ററുകള്‍ ഇന്ന് മുതൽ തുറന്ന് പ്രവര്‍ത്തിക്കാന്‍ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തിയേറ്ററുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. വിനോദ നികുതി ഒഴിവാക്കുന്നതുള്‍പ്പെടെ സര്‍ക്കാരിന് മുമ്പാകെ തിയേറ്ററുടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
സിനിമാ മേഖലക്കായി സമഗ്രപാക്കേജ് നടപ്പാക്കണമെന്ന് ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും ഏഴ് ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. വിനോദനികുതിയും തിയേറ്ററുകൾ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാർജും ഒഴിവാക്കുക, കെട്ടിടനികുതി ഒരു വർഷത്തേക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്നാണ് തിയേറ്ററുടമകള്‍ പ്രതീക്ഷിക്കുന്നത്. ഇന്നത്തെ യോഗത്തിന് ശേഷം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പടെയുള്ള മറ്റു സംഘടനകളുമായും തിയേറ്റർ ഉടമകൾ ചർച്ച നടത്തും.