തിരുവനന്തപുരം: കൊവിഡിന് 10 മാസങ്ങൾക്ക് ശേഷം തിയേറ്ററുകൾ വീണ്ടും പ്രവർത്തനസജ്ജമാകുമ്പോൾ പ്രദർശന സമയത്തിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന ആരോഗ്യവകുപ്പ്. രാവിലെ 9 മുതല്‍ രാത്രി 9 മണി വരെ മാത്രമാണ് തിയേറ്ററുകള്‍ക്ക് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. ഒരു ദിവസം പരമാവധി നാല് പ്രദർശനങ്ങൾ നടത്താം. അതിരാവിലെയുള്ള പ്രദർശനം, സെക്കൻഡ് ഷോ എന്നിവ ഒഴിവാക്കി രാവിലെ 9 മണിക്കും ഉച്ചക്ക് 12 മണിക്കും വൈകിട്ട് 3 മണിക്കും ആറ് മണിക്കും സിനിമാ പ്രദർശിപ്പിക്കാം.
സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകളെ പ്രവേശിപ്പിക്കാനാകില്ല എന്നും നിർദേശമുണ്ട്. ഒന്നിടവിട്ട സീറ്റുകളിൽ വേണം കാണികളെ ഇരുത്താൻ. ഇതുകൂടാതെ മാസ്ക് നിർബന്ധമാണ്. തിയേറ്ററിൽ എത്തുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കണം. സാനിറ്റൈസർ അടക്കം കൈകൾ ശുചിയാക്കാൻ ഉള്ള സംവിധാനങ്ങൾ ഒരുക്കണം. തിയറ്ററിന് മുന്നിൽ ആൾക്കൂട്ടവും തിരക്കും ഉണ്ടാകാതിരിക്കാനുള്ള രീതിയിൽ ഷോകൾ അടക്കം ക്രമീകരിക്കണം. അടച്ചിട്ട സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ നൽകണമെന്നും മള്‍ട്ടിപ്ലക്സുകളിലെ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ സിനിമ പ്രദർശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ടിക്കറ്റിനായി വരി നിൽക്കുമ്പോഴക്കം സാമൂഹ്യ അകലം നിർബന്ധമായും പാലിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും തിയേറ്ററിൽ പ്രവേശിക്കരുതെന്നും മാർഗനിർദ്ദേശമുണ്ട്. കൂടാതെ, തിയേറ്റർ ജീവനക്കാർ കൊവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.
നാളെ മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയിട്ടുള്ളത്. കൊവിഡിന് മുൻപുള്ള കുടിശിക നൽകാതെ പുതിയ സിനിമകൾ നൽകില്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിലപാടെടുത്തിട്ടുണ്ട്. ഇത് കേരളത്തിലെ തിയേറ്ററുകള്‍ തുറക്കുന്നതിനെ അനിശ്ചിതത്തിലാക്കുന്നുണ്ട്.